അബുദാബി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുഎഇ ഭരണകൂടം നല്‍കുന്ന എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ പാലിക്കണമെന്നും താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. എംബസിയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് അംബാസഡര്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്.

കൊറോണ വൈറസിന്റെ വ്യാപനം തടയാനും നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാനും യുഎഇ അധികൃതര്‍ നല്‍കുന്ന എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും ഇന്ത്യന്‍ സമൂഹം കര്‍ശനമായി പാലിക്കണം. വീടുകളില്‍ തന്നെയിരുന്നു എല്ലാവരും സുരക്ഷിതരാവണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തുപോകാവൂ. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപിക്കാവൂ. കൂടുതല്‍ സമയം കാത്തിരിക്കാന്‍ കഴിയുന്ന ആവശ്യങ്ങളാണെങ്കില്‍ കാത്തിരിക്കുകയാണ് വേണ്ടത്. ലോകം മുഴുവന്‍ കൊറോണ വൈറസ് കാരണമുള്ള കടുത്ത പ്രതിസന്ധിയിലാണ്. എന്നിരുന്നാലും നിര്‍ദേശങ്ങള്‍ പാലിക്കുകയും സാമൂഹിക അകലവും ശുചിത്വവും പാലിക്കുക വഴിയും കൂട്ടായ ശ്രമങ്ങളിലൂടെ ഈ വൈറസ് ബാധയെ നിയന്ത്രിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ സര്‍ക്കാര്‍ 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോരുത്തരും എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.  പ്രിയപ്പെട്ടവര്‍ ഒപ്പമില്ലാത്ത സാഹചര്യമാണെങ്കില്‍ അത് പ്രയാസകരമായിരിക്കുമെന്ന് മനസിലാക്കുന്നു. എന്നാല്‍ അത് നിങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണെന്ന് മനസിലാക്കണം. അതുകൊണ്ടുതന്നെ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍  നിര്‍ദേശങ്ങള്‍ പാലിക്കുകയും നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുകയും വേണമെന്നും അംബാസഡര്‍ പറഞ്ഞു.