തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന ഫലം വേണമെന്ന നിലപാട് എടുത്തത് സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം മറ്റന്നാള്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തിലെടുക്കും.

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക്  കൊവിഡ് പരിശോധനഫലം നിര്‍ബന്ധമാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാനം തീരുമാനിച്ചത്. വന്ദേഭാരത് ദൗത്യത്തിലൂടെ എത്തുന്നവര്‍ക്ക്  കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതാണ് പ്രതിഷേധത്തിലെത്തിച്ചത്.  

സ്വകാര്യ വിമാനകമ്പനികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്തരമൊരു നിബന്ധന വച്ചതെന്നാണ് സൂചന. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ ഇളവ് വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി പരിശോധന വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. 

സാധാരണക്കാരായ യാത്രക്കാര്‍ക്ക് പരിശോധന നടത്താന്‍ സന്നദ്ധസംഘടനകള്‍ സഹായിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. 812 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇപ്പോള്‍ സംസ്ഥാനം അനുമതി നല്‍കിയിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിലൂടെ 360 വിമാനങ്ങളുമെത്തും. മടങ്ങി വരാനായി ആറ് ലക്ഷത്തിധികം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ചാര്‍ട്ടര്‍ വിമാനത്തിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുതെന്ന് ഉമ്മന്‍ ചാണ്ടി