ദുബായ്: യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലടച്ചപ്പോള്‍ ബാക്കിയായ 0.01 ദിര്‍ഹത്തിന്റെ (ഒരു ഫില്‍) 'പണി കൊടുത്ത' അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു ഉപഭോക്താവ്. തന്റെ ക്രെഡിറ്റ് റേറ്റിങ് വല്ലാതെ കുറഞ്ഞതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് നേരത്തെ റദ്ദാക്കിയെന്ന് കരുതിയ ഒരു ക്രെഡിറ്റ് കാര്‍ഡാണ് വില്ലനായതെന്ന് അദ്ദേഹത്തിന് മനസിലായത്.

യുഎഇയിലെ അല്‍ ഖലീജ് പത്രമാണ് ഇത്തരമൊരു അനുഭവം പ്രസിദ്ധീകരിച്ചത്. തനിക്ക് നെഗറ്റീവ് ക്രെഡിറ്റ് റേറ്റിങ് വരാനുണ്ടായ കാരണമെന്താണെന്ന് അന്വേഷിച്ചാണ് ഉപഭോക്താവ് ബാങ്കിനെ സമീപിച്ചത്. ബാങ്ക് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് നേരത്ത ഉപയോഗിച്ചിരുന്ന ഒരു ക്രെഡിറ്റ് കാര്‍ഡില്‍ തിരിച്ചടയ്ക്കാന്‍ 0.01 ദിര്‍ഹം ബാക്കിയുണ്ടായിരുന്നതായി കണ്ടെത്തിയത്. കാലാവധിക്ക് ശേഷവും ഈ തുക അടയ്ക്കാതെ വന്നതോടെ വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തയാളെന്ന നിലയിലാണ് ബാങ്ക് ഇയാളെ കണക്കാക്കിയത്. ഇതായിരുന്നു ക്രെഡിറ്റ് റേറ്റിങ് കുറയാന്‍ കാരണമായത്.

ഇത്തരം അനുഭവങ്ങള്‍ അപൂര്‍വമല്ലെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നത്. മൂന്ന് മാസത്തിലധികം പണം കുടിശികയായി കിടന്നാല്‍ അത് ക്രെഡിറ്റ് റേറ്റിനെ ബാധിക്കുകയും പിന്നീട് മറ്റ് വായ്പകളോ ക്രെഡിറ്റ് കാര്‍ഡോ ലഭിക്കാന്‍ തടസമാവുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡുകള്‍ റദ്ദാക്കിയവര്‍ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഒന്നര മാസത്തിന് ശേഷം ബാങ്കില്‍ വിളിച്ച് അതിന്റെ തല്‍സ്ഥിതി പരിശോധിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. പല ബാങ്കുകളും ഇത്തരത്തില്‍ നിശ്ചിത ദിവസത്തിന് ശേഷം വിളിച്ച് അന്വേഷിക്കണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടാറുമുണ്ട്. ഇതിനുപുറമെ ബാധ്യതകള്‍ എല്ലം തീര്‍ത്തുവെന്ന് കാണിക്കുന്ന ക്ലിയറന്‍സ് ലെറ്ററും ബാങ്കില്‍ നിന്ന് വാങ്ങണം.