കുവൈത്തിൽ വാഹന രജിസ്ട്രേഷൻ രേഖകളിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിന് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു.ട്രാഫിക് ഉദ്യോഗസ്ഥന്റെ സഹായത്തോടെ 54 വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ച് വിൽപന നടത്തിയ സംഘത്തിലെ പ്രതികൾക്കാണ് മൂന്ന് മുതൽ അഞ്ച് വർഷം വരെ കഠിനതടവ് ലഭിച്ചത്.

കുവൈത്ത് സിറ്റി: വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്രിമിനൽ സംഘത്തിന് കുവൈത്ത് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു. ജസ്റ്റിസ് നാസർ സലേം അൽ-ഹൈദ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കഠിനതടവ് വിധിച്ചത്. വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ച് വ്യാജരേഖകൾ ചമയ്ക്കുകയും സാധാരണക്കാരെ കബളിപ്പിച്ച് വാഹനങ്ങൾ വിൽക്കുകയും ചെയ്തതിനാണ് നടപടി.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ കൃത്രിമം കാണിച്ച് 54 വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ തിരുത്തിയ ഒരു ട്രാഫിക് ഉദ്യോഗസ്ഥനാണ് കേസിലെ പ്രധാന പ്രതി. വാഹനങ്ങൾക്ക് നിലവിലുള്ള ഗഡുക്കളായുള്ള പണമടവ് ബാധ്യതകൾ രേഖകളിൽ നിന്ന് നീക്കം ചെയ്താണ് ഇയാൾ തട്ടിപ്പിന് കളമൊരുക്കിയത്. ഈ വ്യാജരേഖകൾ ഉപയോഗിച്ച് ഒരു കാർ റെന്‍റൽ കമ്പനി ഉടമയും മറ്റ് മൂന്ന് ബിദൂനികളും ചേർന്ന് വാഹനങ്ങൾ വിൽക്കുകയും ലാഭം കൈക്കലാക്കുകയും ചെയ്തു. ഗഡുക്കൾ ബാക്കിയുണ്ടെന്ന വിവരം അറിയാതെ വാഹനങ്ങൾ വാങ്ങിയ നിരപരാധികളായ ആളുകളാണ് തട്ടിപ്പിന് ഇരയായത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾക്ക് കോടതി ശിക്ഷ ഉറപ്പാക്കിയത്.