ചട്ടമനുസരിച്ച് ഒരു ലിറ്റര്‍ മദ്യമോ അല്ലെങ്കില്‍ 12 കാന്‍ ബിയറോ ആണ് ഒരു യാത്രക്കാരന് വാങ്ങാന്‍ കഴിയുന്നത്.

ബഹറിന്‍: ബഹറിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ജീവനക്കാര്‍ക്കെതിരെ പരാതിയുമായി യാത്രക്കാര്‍. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് മദ്യം വാങ്ങുന്നവര്‍ക്ക് നിയമം മറികടന്ന് അധികം മദ്യം നല്‍കുന്നുവെന്നാണ് പരാതി.

ചട്ടമനുസരിച്ച് ഒരു ലിറ്റര്‍ മദ്യമോ അല്ലെങ്കില്‍ 12 കാന്‍ ബിയറോ ആണ് ഒരു യാത്രക്കാരന് വാങ്ങാന്‍ കഴിയുന്നത്. എന്നാല്‍ ജീവനക്കാര്‍ ഇത് മറികടന്ന് അധികം കുപ്പികള്‍ ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്‍കും. കൊണ്ടുപോകാനുള്ള വിലക്കിനെപ്പറ്റി പറയില്ല. എന്നാല്‍ ഇങ്ങനെ അധികമായി വാങ്ങുന്ന മദ്യവുമായി വിമാനത്താവളങ്ങളിലെ എക്സിറ്റ് ഡോറുകളിലെത്തുന്നവരെ ഉദ്ദ്യോഗസ്ഥര്‍ പിടികൂടും. 10 ദിനാര്‍ പിഴ ഈടാക്കുന്നതിന് പുറമെ അധികമായി കൊണ്ടുപോകാന്‍ ശ്രമിക്കുന്ന കുപ്പികളും ഇവര്‍ പിടിച്ചെടുക്കും. 

രണ്ട് ലിറ്റര്‍ മദ്യം വാങ്ങുന്നവരോട് വിലക്കിനെപ്പറ്റി ഒന്നും പറയാതെ ഡ്യൂട്ടി ഫ്രീ ജീവനക്കാര്‍ ബില്ല് ചെയ്ത് നല്‍കുകയാണ് ചെയ്യുന്നതെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ അധികമായി മദ്യം വാങ്ങുന്നവരുടെ ബില്ലുകളില്‍ നിയന്ത്രണം സംബന്ധിച്ച് അറിയിപ്പ് നല്‍കി എന്ന് കാണിക്കുന്ന സീല്‍ പതിപ്പിക്കും. ഇത് കാരണം എക്സിറ്റ് ഗേറ്റിലെ ജീവനക്കാര്‍ കൃത്യമായി ഇവരെ പിടികൂടുകയും ചെയ്യും. കൊണ്ട് പോകാന്‍ പറ്റാത്ത സാധനം എന്തിന് ബില്ല് ചെയ്ത് വില്‍ക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം