സഫാരി പാർക്കിൽ ഏവർക്കും പ്രിയപ്പെട്ട ഡാലിയ എന്നുപേരിട്ടിരിക്കുന്ന ജിറാഫിന്റെ 25ാം ജന്മദിനമാണ് ആഘോഷിച്ചത്
ദുബൈ: ദുബൈ സഫാരി പാർക്കിലെ ഏറ്റവും പ്രായം കൂടിയ ജിറാഫിന് പിറന്നാളോഘോഷം. മൃഗശാല ജീവനക്കാരാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. സഫാരി പാർക്കിൽ ഏവർക്കും പ്രിയപ്പെട്ട ഡാലിയ എന്നുപേരിട്ടിരിക്കുന്ന ജിറാഫിന്റെ 25ാം ജന്മദിനമാണ് ആഘോഷിച്ചത്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവി വർഗമാണ് ഡാലിയ ജിറാഫിന്റെതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
ഡാലിയയുടെ ഇഷ്ട ഭക്ഷണം കാരറ്റും വെള്ളരിയും ലെറ്റൂസും കൊണ്ട് അലങ്കരിച്ച് കേക്ക് രൂപത്തിലാക്കിയാണ് നൽകിയത്. ഡാലിയ ജിറാഫ് ഇത് കഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ മൃഗശാല ജീവനക്കാർ പങ്കുവെച്ചിരുന്നു. ഇത് വളരെ പെട്ടെന്നാണ് വൈറലായത്. ദുബൈ മൃഗശാലയിൽ ഏപ്രിൽ 9, 2000ത്തിലാണ് ഡാലിയ പിറന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പട്ടികപ്പെടുത്തിയ വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽപെട്ട ജിറാഫാണ് ഇത്. ലോകമെമ്പാടും ഈ ജീവി വർഗത്തിന്റെ 11,000 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
ഖത്തറിൽ നിന്നും എത്തിച്ച ജിറാഫ് ആയിരുന്നു ഇതിന്റെ പിതാവ്. അന്ന് രണ്ട് കുഞ്ഞു ജിറാഫുകളാണ് ജനിച്ചിരുന്നത്. അതിൽ ഡാലിയയ്ക്ക് മാത്രമാണ് അതിജീവിക്കാൻ കഴിഞ്ഞിരുന്നതെന്നും ദുബൈ മൃഗശാലയുടെ മുൻ മേധാവി ഡോ.റെസ ഖാൻ പറയുന്നു. അന്ന് മൃഗശാലയിൽ വലിയ സന്ദർശക തിരക്കായിരുന്നു. അവരൊക്കെ സാക്ഷിയാകെയാണ് ഡാലിയ പിറന്നുവീണത്. ഡാലിയയുടെ കുഞ്ഞിക്കാലുകളും എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ആ ശ്രമം പരാജയപ്പെട്ട് വീണ്ടും തറയിലേക്ക് വീഴുന്നതും ഓർത്തെടുക്കുകയാണ് റെസ ഖാൻ.
read more: മോദി സൗദിയിലേക്ക്, മൂന്നാമത്തെ സന്ദർശനം, സുപ്രധാന കരാറുകൾ ഒപ്പിടുമെന്ന് സൂചന
ഇന്ന് മൂവായിരത്തിലധികം പക്ഷി-മൃഗാദികളുടെ ആവാസ കേന്ദ്രമാണ് ദുബൈ സഫാരി പാർക്ക്. 119 ഹെക്ടറിലായി സ്ഥിതിചെയ്യുന്ന ഈ സഫാരി പാർക്കിലെ മൃഗങ്ങളിൽ തന്നെ ഏറ്റവും പ്രായമേറിയത് ഡാലിയക്കാണ്. പല പ്രായമായ ആളുകളെയും പോലെ ഡാലിയക്കും വാർധക്യ സഹജമായ അസുഖങ്ങളുണ്ട്. എന്നാൽപ്പോലും ഡാലിയ ആരോഗ്യവതിയും വളരെ സജീവവുമാണ്. ഇവിടെയുള്ള ഓരോരുത്തർക്കും ഡാലിയ വളരെയധികം പ്രിയപ്പെട്ടവളാണ്. ഡാലിയയുമായി കൂടുതൽ അടുക്കാനും വിശ്വാസം നേടിയെടുക്കാനും ഒരുപാട് സമയമെടുത്തെന്നും ഇന്ന് അവൾ തനിക്ക് ഏറെ പ്രിയപ്പെട്ടവളാണെന്നും മൃഗശാലയിലെ ഒരു ജീവനക്കാരൻ പറയുന്നു. കണ്ണുകളിലൂടെയും മൃദുലമായ സ്പർശനങ്ങളിലൂടെയുമാണ് ഡാലിയ ആശയവിനിമയം നടത്തുന്നതെന്നും വളരെ ശാന്തമായ സമീപനമാണ് ഇവൾക്കുള്ളതെന്നും അവർ പറയുന്നു.
