Asianet News MalayalamAsianet News Malayalam

ഒന്നര വര്‍ഷം മുമ്പ് കാണാതായ പ്രവാസി മലയാളി ആത്മഹത്യ ചെയ്‍തതാണെന്ന് സ്ഥിരീകരണം

2020 മേയ് 16 വരെ താജൂദ്ദീന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായി. എന്നാല്‍ 2020 മേയ് 17ന് റിയാദ് ശിഫയിലെ മൂസാ സനാഇയ ഭാഗത്തെ ഒരു ഒഴിഞ്ഞ മുറിയില്‍ അദ്ദേഹത്തെ ആത്മഹത്യ നിലയില്‍ കണ്ടെത്തുകയായിരുന്നു.

death of malayali expat confirmed after one and a half years after he went missing
Author
Riyadh Saudi Arabia, First Published Oct 5, 2021, 8:48 PM IST

റിയാദ്: ഒന്നര വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ (Saudi Arabia) കാണാതായ മലയാളി യുവാവ് ആത്മഹത്യ (Suicide) ചെയ്‍താണെന്ന് സ്ഥിരീകരിച്ചു. ഒരു മാസത്തോളം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നീട് അധികൃതര്‍ തന്നെ സംസ്‍കരിക്കുകയായിരുന്നു. അജ്ഞാതനെന്ന നിലയില്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതിയതിനാല്‍ എംബസിയിലും വിവരം ലഭിച്ചിരുന്നില്ല.

കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശിയായ താജുദ്ദീന്‍ അഹമ്മദ് കുട്ടിയെ (38) 2020 മേയ് മാസത്തിലാണ് കാണാതായത്. അസീസിയയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സെയില്‍മാനായി ജോലി ചെയ്യുകയായിരുന്നു. കൊവിഡ് ഒന്നാം തരംഗം പിടിമുറുക്കിയ ഈ സമയത്ത് താജുദ്ദീന്റെ ബന്ധു കൂടിയായ ശരീഫിന് കൊവിഡ് ബാധിക്കുകയും അദ്ദേഹം പിന്നീട് മരണപ്പെടുകയും ചെയ്‍തു. ഇതോടെ താജൂദ്ദീനും മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായി. ഇതിന് പിന്നാലെ അദ്ദേഹത്തെ കാണാതാവുകയായിരുന്നു.

2020 മേയ് 16 വരെ താജൂദ്ദീന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായി. എന്നാല്‍ 2020 മേയ് 17ന് റിയാദ് ശിഫയിലെ മൂസാ സനാഇയ ഭാഗത്തെ ഒരു ഒഴിഞ്ഞ മുറിയില്‍ അദ്ദേഹത്തെ ആത്മഹത്യ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം റിയാദ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസത്തോളം അവിടെ മൃതദേഹം സൂക്ഷിച്ചെങ്കിലും കൊവിഡ് രൂക്ഷമായ സമയത്ത് നിരവധി മരണങ്ങള്‍ സംഭവിച്ചിരുന്നതിനാല്‍ ഒരു മാസത്തിന് ശേഷം അധികൃതര്‍ തന്നെ മൃതദേഹം സംസ്‍കരിച്ചു.

താജുദ്ദീനെ കാണാതായ സമയം മുതല്‍ നാട്ടുകാരും ബന്ധുക്കളും വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യന്‍ എംബസി, സൗദി അധികൃതരുടെ സഹായം തേടിയതിനെ തുടര്‍ന്ന് ഔദ്യോഗിക തലത്തിലും അന്വേഷണം നടന്നു. കുടുംബവും സാധ്യമാവുന്ന എല്ലാ ശ്രമങ്ങളും നടത്തി. ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവയെല്ലാം പാതിവഴിയില്‍ നിലയ്‍ക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മരണം സ്ഥിരീകരിച്ചത്.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോട ഷിഹാബ് ഷുമൈസി ആശുപത്രി അധികൃതരെ സമീപിച്ച് മോര്‍ച്ചറിയിലെ രേഖകള്‍ പരിശോധിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തെ രേഖകള്‍ പരതുന്നതിനിടെയാണ് 2020 മേയ് 17ന് ഇതേ പേരുള്ള ഒരു ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം അവിടെ എത്തിയതായി മനസിലായത്. വിശദമായ പരിശോധനയില്‍ ഇത് താജൂദ്ദീന്റെ മൃതദേഹമായിരുന്നുവെന്നും ബംഗ്ലാദേശ് സ്വദേശിയെന്നത് രേഖകളില്‍ കടന്നുകൂടിയ പിഴവാണെന്നും മനസിലാവുകയായിരുന്നു.

മൃതദേഹം റിയാദിലെ ഷിഫ പൊലീസ് സ്റ്റേഷന്‍ വഴിയാണ് മോര്‍ച്ചറിയിലെത്തിയതെന്ന് മനസിലാക്കി അന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തുകയായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് സ്വദേശിയാവാമെന്ന് മനസിലാക്കിയാണ് രേഖകളില്‍ ഉദ്യോഗസ്ഥര്‍ അങ്ങനെ രേഖപ്പെടുത്തിയതെന്നും മനസിലാക്കി. ബംഗ്ലാദേശ് സ്വദേശിയെന്ന് രേഖപ്പെടുത്തിയതിനാല്‍ ഇന്ത്യന്‍ എംബസിക്കും വിവരം ലഭിച്ചില്ല. ഒന്നര വര്‍ഷത്തിന് ശേഷം നടത്തിയ അന്വേഷണത്തിലൂടെയാണ് ഇപ്പോള്‍ താജൂദ്ദീന്റെ മരണം സ്ഥിരീകരിക്കുന്നത്.

Follow Us:
Download App:
  • android
  • ios