ഷാര്‍ജ: ബുധനാഴ്ച ഷാര്‍ജ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മരണം നാലായി. കാണാതായവര്‍ക്കായി ഞായറാഴ്ച കടലില്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവര്‍ ബംഗ്ലാദേശ്, ആഫ്രിക്കന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നേരത്തെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹങ്ങള്‍ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടസമയത്ത് 12 ജീവനക്കാരും 44 സാങ്കേതിക വിദഗ്ധരുമാണ് കപ്പലിലുണ്ടായിരുന്നത്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ത്യക്കാര്‍ക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, എത്യോപ എന്നീ രാജ്യങ്ങളിലുള്ളവരാണ് കപ്പിലിലുണ്ടായിരുന്നത്.