അബുദാബി: യുഎഇയില്‍ ബലി പെരുന്നാള്‍ അവധി നാളെ ആരംഭിക്കാനിരിക്കെ കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.

പൊതു-സ്വകാര്യ സംഗമങ്ങള്‍ നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് യുഎഇയില്‍ നിലവിലുള്ളത്. ഇത്തരം പരിപാടികളോ ആഘോഷങ്ങളോ സംഘടിപ്പിക്കുന്നവരില്‍ നിന്ന് 10,000 ദിര്‍ഹം പിഴ ഈടാക്കും. ഇതിന് പുറമെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന ഓരോരുത്തരില്‍ നിന്നും 5000 ദിര്‍ഹം വീതവും പിഴ ഈടാക്കും. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വൈറസ് വ്യാപനം ഒഴിവാക്കുന്നതിവായി കുടുംബ സംഗമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം.

ആളുകള്‍ ഒത്തുചേരുന്ന തരത്തിലുള്ള എന്തെങ്കിലും പരിപാടികളോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ അത് അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 800 2626 എന്ന നമ്പറില്‍ വിളിച്ചോ 2828 എന്ന നമ്പറിലേക്ക് മെസേജ് ചെയ്തോ അല്ലെങ്കില്‍ aman@adpolice.gov.ae എന്ന ഇ-മെയില്‍ വിലാസത്തിലോ പൊതുജനങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിന് പകരം ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ആശംസകള്‍ കൈമാറണമെന്നാണ് നിര്‍ദേശം.