സിവിൽ കേസിൽ കുടുങ്ങിയ മലയാളി യുവാവിനെയും ടൈപ്പ് 2 പ്രമേഹ രോഗിയായ ഭാര്യയെയും നാട്ടിലെത്തിച്ച് പ്രവാസി ലീഗൽ സെൽ. യുവാവിൻറെ പാസ്പോർട്ട് തൊഴിലുടമ പിടിച്ചുവെച്ചത് ചൂണ്ടിക്കാട്ടി പിഎൽസി തൊഴിലുടമക്കെതിരെ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്ത് കോടതിയെ സമീപിച്ചു.

മനാമ: സിവിൽ കേസിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ യുവാവിനെയും പ്രമേഹരോഗിയായ ഭാര്യയെയും കേരളത്തിലെത്തിച്ച് പ്രവാസി ലീഗൽ സെൽ. ടൈപ്പ് 2 പ്രമേഹ രോഗിയായ യുവതിയെയും ഭർത്താവിനെയും ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം ഒമാൻ എയർ വിമാനത്തിൽ വിജയകരമായി നാട്ടിലെത്തിച്ചതായി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ അറിയിച്ചു. ഈ ദമ്പതികളെ നാട്ടിലെത്തിക്കാനായിന്‍റെ സന്തോഷം പ്രവാസി ലീഗൽ സെൽ പങ്കുവെച്ചു.

ഒരു സാൻവിച്ച്കടയിൽ ജോലി ചെയ്യുകയായിരുന്ന യുവാവിനെതിരെ തൊഴിലുടമ, 'റൺഎവേ കേസ്' ഫയൽ ചെയ്തു. കേസിൽ നിന്നൊഴിവാക്കാൻ വലിയ തുക ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാനാകാത്തതും മറ്റൊരു ജോലി ലഭിക്കാതായതും താമസസൗകര്യം ഇല്ലാത്തതും മൂലം പ്രയാസത്തിലായ യുവാവിന്‍റെ സാഹചര്യം മനസ്സിലാക്കി പ്രവാസി ലീൽ സെൽ വിഷയത്തിൽ ഇടപെടുയായിരുന്നു. ഹോപ്പ് ബഹ്‌റൈൻ യുവാവിനും ഭാര്യക്കും താൽക്കാലിക താമസസൗകര്യം ഏർപ്പെടുത്തി നൽകി. യുവാവിൻറെ പാസ്പോർട്ട് തൊഴിലുടമ പിടിച്ചുവെച്ചത് ചൂണ്ടിക്കാട്ടി പിഎൽസി തൊഴിലുടമക്കെതിരെ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും തുടന്ന് കോടതിയെ സമീപിക്കുകയുമായിരുന്നു. 

പിഎൽസി. പാനൽ അഭിഭാഷകനായ അഡ്വ. താരിഖ് അലോണിന്‍റെയും പി.എൽ.സി. ഗ്ലോബൽ പി.ആർ.ഒ.യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്‍റെയും സജീവ ഇടപെടലിൽ തൊഴിലുടമ പിടിച്ചുവെച്ചിരുന്ന യുവാവിന്‍റെ പാസ്പോർട്ട് സിത്ര പൊലീസ് സ്റ്റേഷനിൽ നിന്ന് വീണ്ടെടുക്കാനായി. കോടതി അപ്പീൽ സ്വീകരിച്ചെങ്കിലും യുവാവിനെ ഏറ്റെടുക്കാൻ തയ്യാറായ മറ്റൊരു തൊഴിലുടമയെ കണ്ടെത്താനായില്ല. ഇതിനിടെ പ്രമേഹ രോഗിയായ ഭാര്യയുടെ കണ്ണിന്‍റെ കാഴ്ചയും കുറഞ്ഞു തുടങ്ങി. എത്രയും വേഗം അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യവുമുണ്ടായി. മറ്റൊരു തൊഴിലുടമയെ കണ്ടെത്താനാകാത്ത സാഹചര്യം കണക്കിലെടുത്ത് ഇവരെ നാട്ടിലേക്ക് അയയക്കുകയായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ദമ്പതികളുടെ നാട്ടിലുള്ള വീട് പണയത്തിലാണ്. നിലവിൽ നാട്ടിൽ ഒരു വാടക വീട്ടിലേക്കാണ് ഇവരെ എത്തിക്കുന്നത്.

രോഗം കാരണം മുന്നോട്ട് ചികിത്സ തുടരാനോ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനോ കഴിയാത്ത സാഹചര്യത്തിൽ അതീവ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് ഈ ദമ്പതികൾ കടന്നുപോയിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഉൾപ്പെടയുള്ളവ സഹായഹസ്തം നീട്ടിയത്. യാത്ര തിരിക്കുന്നതിന് മുന്നോടിയായി ദമ്പതികൾക്ക് കിംസ് ഹെൽത്തിൽ നിന്ന് സൗജന്യ വൈദ്യപരിശോധനയും മരുന്നുകളും ലഭ്യമാക്കി. ശേഷിച്ച മരുന്നുകൾ മറ്റു ഡോക്ടർമാർ വഴിയും ഫാർമസികൾ വഴിയും ക്രമീകരിച്ചു. ഈ ഉദ്യമത്തിന് പിന്തുണ നൽകിയ കിംസ് ഹെൽത്ത് മാനേജ്‌മെന്റിനും പി.എൽ.സി. ഗവേണിങ് കൗൺസിൽ അംഗം രാജി ഉണ്ണികൃഷ്ണനും പിഎൽസി പ്രത്യേകം നന്ദി അറിയിച്ചു. ദമ്പതികളുടെ യാത്രാ ടിക്കറ്റുകളും താൽക്കാലിക താമസസൗകര്യവും ഹോപ്പ് ബഹ്‌റൈന്റെ സഹായത്തോടെ നേരത്തെ ക്രമീകരിച്ചിരുന്നു. കോടതിയും ഇമിഗ്രേഷനും ചുമത്തിയ എല്ലാ പിഴകളും അടച്ചു തീർക്കുകും ചെയ്തു. 

കോടതി, ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിലും മരുന്നു ശേഖരിക്കുന്നതിലും സഹായം നൽകിയ പി.എൽ.സി. വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഫൈസൽ പട്ടാണ്ടി, സാബു ചിറമ്മൽ എന്നിവർക്ക് പ്രവാസി ലീഗൽ സെൽ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. ഹോപ്പ് ടീമിലെ അസ്കർ പൂഴിത്തലയുടെ വിലയേറിയ സഹായത്തിനും നന്ദി അറിയിച്ചു. ഈ ഉദ്യമത്തിന് പിന്തുണ നൽകിയ ഇന്ത്യൻ എംബസി, നീതിന്യായ മന്ത്രാലയം, ഇമിഗ്രേഷൻ, ആഭ്യന്തര മന്ത്രാലയം അധികൃതർ, അഡ്വ. താരിഖ് അലോൺ, പി.എൽ.സി. ടീം, ഹോപ്പ് ബഹ്‌റൈൻ, കിംസ് ഹെൽത്ത് എന്നിവർക്കും എല്ലാ സുമനസ്സുകൾക്കും പ്രവാസി ലീഗൽ സെൽ നന്ദി അറിയിച്ചു.