അബുദാബി: 2021 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്ച വിദൂര പഠനം തുടരും. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി, അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പും എന്നിവ സംയുക്തമായാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. 

വിദൂര പഠനം ആദ്യ രണ്ടാഴ്ച തുടരാനുള്ള തീരുമാനം എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്നും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്നും അബുദാബി മീഡിയ ഓഫീസ് ബുധനാഴ്ച ട്വീറ്റ് ചെയ്തു. മറ്റ് രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളത്തിലൂടെയോ മറ്റോ യുഎഇയിലേക്ക് മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ അബുദാബി എമിറേറ്റിലെ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കണമെന്നും കമ്മറ്റി അറിയിച്ചു.