ലീഗല്‍ ഡോക്യുമെന്റ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ കണക്കുകള്‍ പ്രകാരം 622 വിവാഹങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. ഇക്കാലയളവില്‍ 818 വിവാഹമോചനങ്ങളും നടന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂലൈയില്‍ വിവാഹത്തെക്കാള്‍ കൂടുതല്‍ വിവാഹമോചനങ്ങള്‍. രാജ്യത്താദ്യമായാണ് ഒരു മാസത്തില്‍ വിവാഹത്തെക്കാള്‍ കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത്.

ലീഗല്‍ ഡോക്യുമെന്റ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ കണക്കുകള്‍ പ്രകാരം 622 വിവാഹങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. ഇക്കാലയളവില്‍ 818 വിവാഹമോചനങ്ങളും നടന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ കുടുംബത്തില്‍ തന്നെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നത് തര്‍ക്കങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി വിദഗ്ധരെ ഉദ്ധരിച്ചുള്ള 'അറബ് ടൈംസി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് കാലത്ത് വിവാഹങ്ങളും കുറവായിരുന്നു. 

സാമ്പത്തിക പ്രതിസന്ധികള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദം കുടുംബങ്ങളെ ബാധിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന വിവാഹങ്ങളില്‍ പകുതിയോളം വിവാഹ മോചനത്തില്‍ അവസാനിച്ചു. രാജ്യത്ത് വിവാഹമോചനങ്ങള്‍ കൂടുന്നതും വിവാഹങ്ങള്‍ കുറയുന്നതും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവിലെ പ്രത്യേക സാഹചര്യം മൂലമാണെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.