പ്രകൃതി ദുരന്തങ്ങളിൽ സഹായ ഹസ്തം നീട്ടുന്ന ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് മാത്രം പിന്നിലാണ് ഡോ ഷംഷീര്‍ വയലിന്‍. മഹാ പ്രളയത്തില്‍ നിന്നുള്ള കേരളത്തിന്‍റെ അതിജീവനത്തിന് 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതാണ് ഷംഷീറിനെ നേട്ടത്തിലെത്തിച്ചത്

അബുദാബി: അതിസമ്പന്ന പട്ടികയിലെ പ്രവാസി മലയാളിത്തിളക്കമെന്ന നിലയില്‍ മാത്രമല്ല ഡോ ഷംഷീര്‍ വയലിന്‍ ശ്രദ്ധേയനായത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ.

ഇപ്പോഴിതാ ബാർക്ലീസ് ഹുരൂൺ ഇന്ത്യ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിലെ അറുപത്തിരണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുകയാണ് പ്രവാസി മലയാളി. 12,800 കോടി രൂപയുടെ ആസ്തിയുമായി അതിസമ്പന്ന പട്ടികയില്‍ ഇടം നേടിയെന്നതിനെക്കാള്‍ ഉത്തരവാദിത്ത സംരംഭകത്വ പട്ടികയിലെ രണ്ടാം സ്ഥാനം നേടിയെന്നതാണ് അഭിമാനാര്‍ഹമായ കാര്യം.

പ്രകൃതി ദുരന്തങ്ങളിൽ സഹായ ഹസ്തം നീട്ടുന്ന ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് മാത്രം പിന്നിലാണ് ഡോ ഷംഷീര്‍ വയലിന്‍. മഹാ പ്രളയത്തില്‍ നിന്നുള്ള കേരളത്തിന്‍റെ അതിജീവനത്തിന് 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതാണ് ഷംഷീറിനെ നേട്ടത്തിലെത്തിച്ചത്.

71 കോടി രൂപയുടെ പദ്ധതികള്‍ കേരളത്തിന് വേണ്ടി പ്രഖ്യാപിച്ചാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നേടിയത്. ഗൗതം അദാനിക്കൊപ്പമാണ് ഷംഷീര്‍ രണ്ടാം സ്ഥാനത്തെത്തിയത്. കേരളത്തിന് 18 കോടി നൽകിയ എം.എ. യൂസഫലി, 15 കോടി നൽകിയ ജോയ് ആലുക്കാസ് എന്നിവരാണ് ഉത്തരവാദിത്ത സംരംഭകത്വ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതേസമയം ബാർക്ലീസ് ഹുരൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ തുടർച്ചയായ ഏഴാം വർഷവും മുകേഷ് അംബാനിയാണ് മുന്നില്‍.