Asianet News MalayalamAsianet News Malayalam

ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് കാൻസറിനെ മാറ്റാനാവില്ല -ഡോ. വി.പി. ഗംഗാധരൻ

ഒറ്റമൂലിക്കും മന്ത്രവാദത്തിനും വേണ്ടി സമയം കളയാതെ ഉചിത ചികിത്സ തേടണമെന്നും റിയാദിൽ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു

dr vp gangadharan talks about cancer prevention in saudi arabia
Author
Riyadh Saudi Arabia, First Published Dec 23, 2019, 11:46 PM IST

റിയാദ്: ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് കാൻസർ രോഗം ചികിത്സിക്കാനാവില്ലെന്നും അതിന് സമയം കളയാതെ എത്രയും വേഗം ഉചിത ചികിത്സ തേടുകയാണ് വേണ്ടതെന്നും പ്രശസ്ത കാൻസർ ചികിത്സാവിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ. ഹ്രസ്വസന്ദർശനത്തിന് റിയാദിലെത്തിയ അദ്ദേഹം റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു.  

കാൻസറിനെ ഭയത്തോടെ കാണുന്നതിന് പകരം രോഗത്തെ മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. മറ്റ് ജീവിത ശൈലീരോഗങ്ങളെ പോലെ കാൻസറിനെയും ഒരു പരിധി വരെ മുൻകൂട്ടി തടയാനാകും. പുകയില ഉപയോഗം, മദ്യപാനം എന്നിവയിൽ നിന്ന് അകന്നുനിന്നാൽ തന്നെ 30 ശതമാനം കണ്ട് കാൻസറിനെ തടയാനാകും. പുകയിലയാണ് ഏറ്റവും വലിയ അപകടം. പുകവലിക്കുന്നവർ സ്വയം മരിക്കുക മാത്രമല്ല മറ്റുള്ളവരെ കൊല്ലുക കൂടിയാണ് ചെയ്യുന്നത്. പുകയില ഉപയോഗം മൂലമുള്ള കാൻസറിലൂടെ ഒരു വർഷം ആറ് ലക്ഷം പേർ മരിക്കുന്നു. പലതരം കാൻസറുകളിൽ തന്നെ ഏറ്റവും അപകടം പിടിച്ചതാണ് ശ്വാസകോശാർബുദം. അത് പുകയില ഉപയോഗം കൊണ്ടാണ് കൂടുതലും സംഭവിക്കുന്നത്. 

കാൻസറിനെ തടയാനെ കഴിയൂ. വന്നിട്ട് ചികിത്സിച്ച് ഭേദമാക്കാൻ കാത്തുനിൽക്കരുത്. അത് വിജയിച്ചുകൊള്ളണമെന്നില്ല. പുകയില ഉൽപന്നങ്ങൾ വാങ്ങുമ്പോൾ കാൻസർ രോഗത്തെ വില കൊടുത്തുവാങ്ങുകയാണ് ചെയ്യുന്നത്. പുകവലിയുടെ കൂടെ മദ്യപാനം കൂടിയാകുമ്പോഴാണ് അപകടം ഇരട്ടിക്കുന്നത്. ജീവിതശൈലീ പ്രശ്നങ്ങളാണ് കാൻസറിനുള്ള മറ്റൊരു കാരണം. ഭക്ഷണത്തിൽ ശ്രദ്ധവേണം. നോൺ വെജ് കുറയ്ക്കുകയും സസ്യാഹാരം കൂട്ടുകയും ചെയ്യണം. പഴം, പച്ചക്കറി, ഇല, പയർ വർഗങ്ങൾ കാൻസറിനെ ഫലപ്രദമായി തടയും. കുട്ടികളെ ടീവിയുടെയോ ടാബിന്റെയോ മുന്നിലിരുത്തി ഭക്ഷണം കൊടുക്കരുത്. എത്രയെന്നറിയാതെ അമിതമായ കഴിക്കും. പൊണ്ണത്തടിയും കാൻസറിന് കാരണമാകും. ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീണ്ടും ഒരു 30 ശതമാനം കൂടി കാൻസറിനെ തടയാം. 

രോഗം പ്രാരംഭദശയിൽ തന്നെ കണ്ടെത്താൻ സാധിച്ചാൽ അടുത്തൊരു 30 ശതമാനം കൂടി തടയാൻ കഴിയും. സ്ത്രീകളിലെ ബ്രസ്റ്റ് കാൻസർ പ്രാരംഭദശയിൽ തന്നെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്നതാണ്. ലക്ഷണങ്ങൾ സ്ത്രീകൾക്ക് സ്വയം തന്നെ പരിശോധിച്ച് കണ്ടെത്താൻ കഴിയും. വേദനയില്ലാത്ത മുഴകളാണ് പ്രശ്നം. തൊലിപ്പുറത്തെ ചുളിവുകൾ, മുലക്കണ്ണ് ഉള്ളിലേക്ക് വലിയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക. കാൻസർ ചികിത്സിച്ച് ഭേദമാക്കിയാൽ അഞ്ചുവർഷത്തിനുള്ളിൽ വീണ്ടും വരാൻ സാധ്യതയുണ്ട്. ആ കാലം കഴിഞ്ഞിട്ടും വീണ്ടും വന്നില്ലെങ്കിൽ പൂർണമായും ഭേദപ്പെട്ടെന്ന് കരുതാം. 

സമൂഹം രോഗികൾക്ക് ആത്മവിശ്വാസം നൽകണം. ഞാൻ അല്ലെങ്കിൽ ഞങ്ങൾ ഉണ്ടാകും കൂടെ എന്ന് ധൈര്യം നൽകി ചേർത്തുനിർത്തണം. ഇന്ത്യയിൽ കാൻസറിന് ചികിത്സക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നിട്ടുമെന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കളും വിദേശത്ത് ചികിത്സയ്ക്ക് പോകുന്നതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അക്ബർ വേങ്ങാട്ട് സ്വാഗതവും ചീഫ് കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

Follow Us:
Download App:
  • android
  • ios