കുവൈത്ത് സിറ്റി: മദ്യം കടത്തുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ വിദേശി അറസ്റ്റിലായി. അല്‍ ഫിന്റാസിലെ ഒരു സ്കൂള്‍ മതിലില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. സംഭവ സമയത്ത് വാഹനം ഓടിച്ചിരുന്നയാളും മദ്യലഹരിയിലായിരുന്നു.

അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്ന് 70 കുപ്പി മദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വിതരണത്തിനായി കൊണ്ടുപോയതായിരുന്നു ഇവ. വാഹനാപകടം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡ്രൈവറും മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്.

ഡ്രൈവറെ അറസ്റ്റ് ചെയ്തശേഷം നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. ഇവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.