അല്‍ റഫയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പാര്‍ക്കിങ് ഇന്‍സ്പെക്ടറാണ് യുവാവിനെ പിടികൂടിയത്. കാറിന്റെ മുന്നില്‍ പതിച്ചിരുന്ന പാര്‍ക്കിങ് ടിക്കറ്റ് ഒറിജിനല്‍ പോലെ തോന്നിപ്പിച്ചുവെങ്കിലും വിശദമായി പരിശോധിച്ച ഇന്‍സ്പെക്ടര്‍ക്ക് ഇത് വ്യാജമാണെന്ന് മനസിലായി.

ദുബായ്: റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി നല്‍കുന്ന പാര്‍ക്കിങ് ടിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച ഇന്ത്യക്കാരന് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ 25 വയസുള്ള ഇന്ത്യന്‍ പൗരനെ ശിക്ഷാ കാലയളവിന് ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ടെങ്കിലും ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി നീട്ടിവെച്ചു. പാര്‍ക്കിങ് ഫീസ് നല്‍കാതിരിക്കാനാണ് ഇയാള്‍ ഫോട്ടോഷോപ്പ് പരീക്ഷിച്ച് കുടുങ്ങിയത്.

അല്‍ റഫയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പാര്‍ക്കിങ് ഇന്‍സ്പെക്ടറാണ് യുവാവിനെ പിടികൂടിയത്. കാറിന്റെ മുന്നില്‍ പതിച്ചിരുന്ന പാര്‍ക്കിങ് ടിക്കറ്റ് ഒറിജിനല്‍ പോലെ തോന്നിപ്പിച്ചുവെങ്കിലും വിശദമായി പരിശോധിച്ച ഇന്‍സ്പെക്ടര്‍ക്ക് ഇത് വ്യാജമാണെന്ന് മനസിലായി. തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ ഉടമയെ വിളിച്ചുവരുത്തി. 

ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയും താമസ സ്ഥലം പരിശോധിക്കുകയും ചെയ്തു. ഒറിജിനല്‍ പാര്‍ക്കിങ് ടിക്കറ്റിന്റെ മാതൃകയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ ടിക്കറ്റ് തയ്യാറാക്കുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഫീസ് നല്‍കാതിരിക്കാനായി ഇത് കാറുകളില്‍ പതിക്കുകയായിരുന്നു. താമസ സ്ഥലത്ത് നിന്നു രണ്ട് വ്യാജ ടിക്കറ്റുകള്‍ കൂടി കണ്ടെത്തുകയും ചെയ്തു.