യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച പരിശോധനകള്‍ വിമാനക്കമ്പനികള്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

ദുബൈ: ദുബൈയിലെ താമസ വിസക്കാര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ (ജി.ഡി.ആര്‍.എഫ്.എ) അനുമതിയും നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലവുമുണ്ടെങ്കില്‍ യാത്ര ചെയ്യാം. വിമാനക്കമ്പനികള്‍ക്ക് ലഭിച്ച നിര്‍ദേശ പ്രകാരം എമിറേറ്റ്സ് അടക്കമുള്ള കമ്പനികള്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൌണ്ടറുകളിലുള്ള ജീവനക്കാര്‍ ഈ രണ്ട് നിബന്ധനകള്‍ മാത്രമാണ് പരിശോധനിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തയാള്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാനാവുമോ എന്ന അന്വേഷണത്തിന് മറുപടിയായാണ് എമിറേറ്റ്സ് ഇക്കാര്യം വിശദമാക്കിയത്. ദുബൈ വിസയുള്ളവര്‍ ജി.ഡി.ആര്‍.എഫ്.എ അനുമതി ഹാജരാക്കുകയും 48 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവും വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ എടുത്ത റാപ്പിഡ് പരിശോധനാ ഫലവും ഹാജരാക്കിയാല്‍ യാത്ര അനുവദിക്കുമെന്നാണ് എമിറേറ്റ്സ് നല്‍കിയ മറുപടി. യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച പരിശോധനകള്‍ വിമാനക്കമ്പനികള്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

ജി.ഡി.ആര്‍.എഫ്.എ അനുമതി, 48 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം, നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം എന്നിവ മാത്രമാണ് ദുബൈയിലേക്ക് പോകുന്നവര്‍ക്ക് പ്രത്യേകമായി ആവശ്യമുള്ളതെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങളും അറിയിച്ചു. വിസ്‍താര എയര്‍ലൈന്‍സ് ഇക്കാര്യം അറിയിച്ചുകൊണ്ട് ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റും പ്രത്യേക അറിയിപ്പും നല്‍കി. അതേസമയം മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരം ഇളവുകളില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന സൂചന.

Scroll to load tweet…