ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന കമോറ എന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിന്റെ നേതാവാണ് റാഫേല്‍.

ദുബൈ: ഇറ്റലിയിലെ പിടികിട്ടാപ്പുള്ളിയും ക്രിമിനല്‍ സംഘത്തിന്റ തലവനുമായ റാംഫേല്‍ ഇംപീരിയലിനെയും കൂട്ടാളിയെയും ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കുറ്റവാളികളാണ് ഇരുവരും. 

ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന കമോറ എന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിന്റെ നേതാവാണ് റാഫേല്‍. ഇയാളുടെ വലംകൈയ്യായ റാഫേല്‍ മൗറില്ലോയെയും പൊലീസ് പിടികൂടി. അന്റോണിയോ റോക്കോ എന്ന വ്യാജ പേരിലാണ് ഇംപീരിയല്‍ ദുബൈയില്‍ കഴിഞ്ഞിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ യാത്രകള്‍ക്കായി വ്യത്യസ്ത കാറുകള്‍ ഉപയോഗിക്കുകയും ഒറ്റപ്പെട്ട അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയുമായിരുന്നു. കൃത്യമായ വിലാസം എവിടെയും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

ഇറ്റലിയിലെ നേപ്പിള്‍സിലാണ് ഇംപീരിയല്‍ ജനിച്ചത്. നേപ്പിള്‍സിലെ ആന്റി നാര്‍കോട്ടിക് ഡയറക്ടറേറ്റിന്റെ പട്ടികയിലെ ഏറ്റവും അപകടകാരിയായ പിടികിട്ടാപ്പുള്ളിയാണ് ഇംപീരിയല്‍. ദുബൈ പൊലീസിന്റെയും അന്താരാഷ്ട്ര നിയമ നിര്‍വഹണ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ദുബൈ പൊലീസിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടികള്‍. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഒയൂണ്‍ നിരീക്ഷണ പ്രോഗ്രാമിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍. വന്‍തുകയുടെ ആഢംബര വാച്ചുകളും വിലയേറിയ പെയിന്റിങുകളും പൊലീസ് കണ്ടെടുത്തു. രണ്ടുപേരെയും ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona