ദുബായിൽ വസ്തുവകകൾ വാങ്ങുന്ന നിക്ഷേപകർക്കുള്ള രണ്ട് വർഷത്തെ റസിഡൻസി വിസ നിയമങ്ങളിൽ അധികൃതർ സുപ്രധാന മാറ്റങ്ങൾ വരുത്തി. വ്യക്തിഗത നിക്ഷേപകർക്കുള്ള 7.5 ലക്ഷം ദിർഹം എന്ന കുറഞ്ഞ നിക്ഷേപ പരിധി ഒഴിവാക്കിയതും, ഒന്നിലധികം ഉടമകളുള്ള വസ്തുക്കൾക്കുള്ള പുതിയ നിബന്ധനകളും ഇതിൽ ഉൾപ്പെടുന്നു.

ദുബായ്: ദുബായിൽ വസ്തുവകകൾ വാങ്ങുന്ന നിക്ഷേപകർക്ക് നൽകുന്ന രണ്ട് വർഷത്തെ റെസിഡൻസി വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി അധികൃതർ. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള 'ക്യൂബ് സെന്‍റർ' ആണ് നിക്ഷേപകർക്കുള്ള പുതുക്കിയ നിബന്ധനകൾ പ്രസിദ്ധീകരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

വ്യക്തിഗത നിക്ഷേപകർക്ക് വിസ ലഭിക്കുന്നതിനായി നേരത്തെ ഉണ്ടായിരുന്ന 7.5 ലക്ഷം ദിർഹം എന്ന കുറഞ്ഞ നിക്ഷേപ പരിധി ഒഴിവാക്കി. എന്നാൽ അപേക്ഷകൻ വസ്തുവിന്‍റെ ഏക ഉടമയായിരിക്കണം. ഒന്നിലധികം ആളുകൾ ചേർന്ന് വസ്തു വാങ്ങിയതാണെങ്കിൽ, ഓരോ പങ്കാളിക്കും ചുരുങ്ങിയത് 4 ലക്ഷം ദിർഹം വിലയുള്ള വിഹിതം ഉണ്ടായിരിക്കണം. വിഹിതം തുല്യമാണെങ്കിലും ഈ തുക നിബന്ധന ബാധകമാണ്. ബാങ്ക് ലോൺ എടുത്തോ ഇൻസ്‌റ്റാൾമെന്‍റ് വഴിയോ ആണ് വസ്തു വാങ്ങിയതെങ്കിൽ ബാങ്കിൽ നിന്നോ ഡെവലപ്പറിൽ നിന്നോ ഉള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിൽ ഇതുവരെ അടച്ച തുക, ബാക്കിയുള്ള തുക എന്നിവ വ്യക്തമാക്കണം.

കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനും നിക്ഷേപകർക്കും വേണ്ട രേഖകൾ

  • ടൈറ്റിൽ ഡീഡ്: ദുബായിൽ നിന്നുള്ള പ്രോപ്പർട്ടി രേഖകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ (മറ്റ് എമിറേറ്റുകളിലേത് അനുവദിക്കില്ല).
  • പാസ്‌പോർട്ട് കോപ്പി: കുറഞ്ഞത് 6 മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട്.
  • എമിറേറ്റ്‌സ് ഐഡി.
  • ഡിജിറ്റൽ ഫോട്ടോ: ഐസിപി നിബന്ധനകൾ പ്രകാരമുള്ളത്.
  • ആരോഗ്യ ഇൻഷുറൻസ്: യുഎഇയിലെ അംഗീകൃത കമ്പനികളിൽ നിന്നുള്ള മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണ്.
  • ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ്: ദുബായ് പൊലീസിൽ നിന്ന് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ പേരിൽ ലഭിച്ചത്.
  • നാഷണൽ ഐഡി: പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം രാജ്യത്തെ തിരിച്ചറിയൽ രേഖയും വേണം.
  • ടൈറ്റിൽ ഡീഡിലെ പേരും പാസ്‌പോർട്ടിലെ പേരും ഒന്നുതന്നെയായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കുക.