ദുബൈ: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് പിടിക്കപ്പെട്ടപ്പോള്‍ പൊലീസിന് കൈക്കൂലി നല്‍കിയ ഇന്ത്യക്കാരനെതിരെ ദുബൈ കോടതിയില്‍ നടപടി തുടങ്ങി. ഏപ്രിലില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ ക്യാമ്പയിന്‍ നടന്നുവന്നിരുന്ന സമയത്തായിരുന്നു സംഭവം. സന്ദര്‍ശക വിസയിലെത്തിയ 24കാരനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുമാണ് പുറത്തിറങ്ങിയതിന് പൊലീസിന്റെ പിടിയിലായത്.

ജബല്‍ അലിയിലെ ഒരു ഹോട്ടിലിന് മുന്നില്‍ വെച്ചാണ് ഇരുവരും പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. മാസ്‍ക് ധരിക്കാതിരുന്നതിനാല്‍ പൊലീസ് ഇവരെ തടയുകയും ഈ സമയത്ത് പുറത്തിറങ്ങുന്നതിന് പ്രത്യേക പെര്‍മിറ്റ് ആവശ്യമാണെന്നും അറിയിക്കുകയും ചെയ്‍തു. എന്നാല്‍ തങ്ങള്‍ നടക്കാനിറങ്ങിയതാണെന്നായിരുന്നു യുവാവിന്റെ മറുപടി. ഹോട്ടലില്‍ വെച്ച് മസാജ് ചെയ്യുന്നതിനായി 200 ദിര്‍ഹം നല്‍കി യുവതിയെ വിളിച്ചുവരുത്തിതാണെന്നും ടാക്സിക്ക് പണം നല്‍കാനായി പുറത്തിറങ്ങിയതാണെന്നും പിന്നീട് പൊലീസിനോട് ഇയാള്‍ പറഞ്ഞു. നിയമനടപടി ഒഴിവാക്കുന്നതിന് 3000 ദിര്‍ഹം നല്‍കാമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് വാഗ്ദാനം ചെയ്‍തു. 2000 ദിര്‍ഹം അപ്പോള്‍ തന്നെ പണമായി നല്‍കാമെന്നും താമസ സ്ഥലത്തുവെച്ച് ബാക്കി 1000 ദിര്‍ഹം കൂടി നല്‍കാമെന്നും ഇയാള്‍ പറഞ്ഞു.

പൊലീസ് സംഘം ഇയാളെ ജബല്‍ അലി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ വെച്ച് 2000 ദിര്‍ഹം ഉദ്യോഗസ്ഥന് കൈമാറി. ഈ വിവരം പൊലീസുകാരന്‍ സ്റ്റേഷന്‍ ഡയറക്ടറെ അറിയിച്ചു. തുടര്‍ന്ന് പൊലീസിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കുറ്റത്തിന് നിയമനടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ ഒക്ടോബര്‍ 19ന് വിചാരണ തുടങ്ങും.