ദുബായ്: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ദുബായ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 24നാണ് യുഎഇ വ്യോമ ഗതാഗതം നിര്‍ത്തിവെച്ചത്. ഇന്ന് മുതല്‍ വീണ്ടും സന്ദര്‍ശകരെ അനുവദിച്ചുതുടങ്ങുന്നതോടെ ദുബായിലെ മാളുകളും ഹോട്ടലുകളും അമ്യൂസ്‍മെന്റ് പാര്‍ക്കുകളും ഉല്ലാസ കേന്ദ്രങ്ങളുമൊക്കെ സുരക്ഷിതമായി സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

സന്ദര്‍ശകര്‍ക്ക് ഊഷ്‍മളമായ സ്വാഗതമോതുന്ന പ്രത്യേക മുദ്രയായിരിക്കും വിമാനത്താവളത്തില്‍ നിന്ന് പാസ്‍പോര്‍ട്ടുകളില്‍ പതിപ്പിക്കുക. വിമാനത്താവളങ്ങളില്‍ അതീവ സുരക്ഷയും ജാഗ്രതയുമാണ് യുഎഇ താമസകാര്യ-വിദേശകാര്യ ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.

കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും ദുബായിലുടനീളം സ്വീകരിച്ചിട്ടുണ്ടെന്ന് ദുബായ് ടൂറിസം അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളും വിവിധ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഫ്ലൈ ദുബായ് 17 നഗരങ്ങളിലേക്കും ഇപ്പോള്‍ സര്‍വീസ് നടത്തുന്നു. എല്ലാ സഞ്ചാരികളും പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാവുകയും വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കരുതുകയും വേണം. കുട്ടികളടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണ്.