11 രാജ്യങ്ങളില്‍ നിന്ന് 117 കുതിരകള്‍ പങ്കെടുക്കുന്ന വേള്‍ഡ് കപ്പില്‍ ഒമ്പത് മത്സരയോട്ടങ്ങള്‍ നടക്കും. ഗ്രൂപ്പ് ഒന്നില്‍ ആറും ഗ്രൂപ്പ് രണ്ടില്‍ മൂന്ന് മത്സരങ്ങളുമാണ് നടക്കുക.

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച പന്തയക്കുതിരകള്‍ മത്സരിക്കുന്ന ദുബൈ വേള്‍ഡ് കപ്പ് ഇന്ന് മെയ്ദാന്‍ റേസ് കോഴ്‌സില്‍ നടക്കും. 26.5 മില്യന്‍ ഡോളര്‍ (192 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക. 

കുതിയരയോട്ട മത്സരങ്ങളുടെ ലോകത്തേക്ക് ദുബൈയെ നയിച്ച ദുബൈ ഉപഭരണാധികാരിയും യുഎഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഇന്ന് വേള്‍ഡ് കപ്പ് നടക്കുന്നത്. ശൈഖ് ഹംദാന് ആദരാഞ്ജലി അര്‍പ്പിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. 11 രാജ്യങ്ങളില്‍ നിന്ന് 117 കുതിരകള്‍ പങ്കെടുക്കുന്ന വേള്‍ഡ് കപ്പില്‍ ഒമ്പത് മത്സരയോട്ടങ്ങള്‍ നടക്കും. ഗ്രൂപ്പ് ഒന്നില്‍ ആറും ഗ്രൂപ്പ് രണ്ടില്‍ മൂന്ന് മത്സരങ്ങളുമാണ് നടക്കുക. 

ദുബൈ വേള്‍ഡ് കപ്പിന്റെ 25-ാം വാര്‍ഷികം കൂടിയാണിത്. 1996ല്‍ തുടങ്ങിയ വേള്‍ഡ് കപ്പിന്റെ 25-ാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം നടക്കാനിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി വേള്‍ഡ് കപ്പ് മുടങ്ങി. എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ചയാണ് മത്സരം നടക്കുക. കാണികള്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയയില്‍ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. മെയ്ദാന്‍ റേസിങ്, ദുബൈ വേള്‍ഡ് കപ്പ് എന്നിവയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മത്സരം കാണാന്‍ സാധിക്കും. 40 ബ്രോഡ്കാസ്റ്റര്‍മാരാണ് വിവിധ രാജ്യങ്ങളിലായി ചാനല്‍ സംപ്രേക്ഷണം ഏറ്റെടുത്തിരിക്കുന്നത്.