കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇയാളെ പ്രതികള്‍ നേരത്തെ സുഹൃത്താക്കിയത്. തുടര്‍ന്ന് ഭക്ഷണം കഴിക്കാനെന്ന വ്യാജേന മാര്‍ച്ച് നാലിന് ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച്...

ദുബായ്: സുഹൃത്തിനെ വിജനമായ മരുഭൂമിയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയ ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ട് പേര്‍ക്കെതിരെ ദുബായില്‍ വിചാരണ തുടങ്ങി. 33ഉം 21ഉം വയസുള്ള രണ്ട് പാകിസ്ഥാന്‍ പൗരന്മാരാണ് പ്രതികള്‍. ഇതിലെ പ്രധാന പ്രതിയെ പിടികൂടാനായിട്ടില്ല. കൊലപ്പെടുത്തുന്നതിന് മുന്‍പ് ഇവര്‍ സുഹൃത്തിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതിയുടെ നാട്ടിലുള്ള ബന്ധുക്കളായ ചില സ്ത്രീകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ജബല്‍ അലിയില്‍ ഒരു കോണ്‍ട്രാക്ടിക് കമ്പനി ജീവനക്കാര്‍ താമസിച്ചിരുന്ന പ്രദേശത്തിന് സമീപത്തായിരുന്നു കൊലപാതകം നടന്നത്. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇയാളെ പ്രതികള്‍ നേരത്തെ സുഹൃത്താക്കിയത്. തുടര്‍ന്ന് ഭക്ഷണം കഴിക്കാനെന്ന വ്യാജേന മാര്‍ച്ച് നാലിന് ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കഴുത്തില്‍ കയറിട്ട് മുറുക്കിയ ശേഷം വായില്‍ മണല്‍ തിരുകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് മുന്‍പ് ലൈംഗിക ചൂഷണത്തിനും ഇരയാക്കി.

പ്രതിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് താനല്ലെന്ന് ഇയാള്‍ വിളിച്ച് പറഞ്ഞെങ്കിലും രണ്ട് പേരും ഗൗനിച്ചില്ല. കൊലപാതകത്തിന് ശേഷം മൊബൈല്‍ ഫോണും പഴ്സും ഇവര്‍ കവര്‍ന്നു. മണലും കല്ലുകളും ഉപയോഗിച്ച് മൃതദേഹം കുഴിച്ചിടുകയും ചെയ്തു. മാര്‍ച്ച് 16നാണ് ചില പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങളില്‍ നല്ലൊരുഭാഗവും ദ്രവിച്ച് മണ്ണടിഞ്ഞുപോകുകയും മൃഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. പല സാധ്യതകളും പരിശോധിച്ച പൊലീസ്, സംഭവിച്ചത് കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ അവസാനമെത്തി. 

തെളിവുകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തിയപ്പോഴേക്കും പ്രധാനപ്രതി രാജ്യം വിട്ടിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തിനെ പിടികൂടി. കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിലുള്ള മുന്‍വൈരാഗ്യത്തിന്റെ കഥകള്‍ തനിക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ സുഹൃത്ത് തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.