മക്ക: ഉംറ പുനരാരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ ഓരോ തീര്‍ത്ഥാടകര്‍ക്കും ഉംറ നിര്‍വ്വഹിക്കാന്‍ മൂന്ന് മണിക്കൂര്‍ വീതം സമയം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മക്കയിലെ വിവിധ ഭാഗങ്ങളില്‍ ട്രയേജ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഇവിടങ്ങളില്‍ നിന്ന് പുറപ്പെട്ട് ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് മൂന്ന് മണിക്കൂറില്‍ തിരിച്ചെത്തണമെന്ന് അധികൃതരെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ആദ്യഘട്ടത്തില്‍ ഓരോ ദിവസവും ആറ് വ്യത്യസ്ത സമയങ്ങളില്‍ ഏകദേശം 6000 തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കും. മൂന്ന് മണിക്കൂറില്‍ ഉംറ നിര്‍വ്വഹിക്കേണ്ട ഒരു സംഘത്തില്‍ കുറഞ്ഞത് 1000 പേരുണ്ടാകും. ഒക്ടോബര്‍ നാലിനാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. സ്വദേശികള്‍ക്കും രാജ്യത്തിനകത്തെ വിദേശികള്‍ക്കുമാണ് ഈ ഘട്ടത്തില്‍ അവസരം ലഭിക്കുക. ആകെ ശേഷിയുടെ 30 ശതമാനമായിരിക്കും ഇത്. 

ഒക്ടോബര്‍ 18ന് തുടങ്ങുന്ന രണ്ടാ ഘട്ടത്തില്‍ ഹറമിലെ ആകെ ഉള്‍ക്കൊള്ളാവുന്ന ശേഷിയുടെ 75 ശതമാനം തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കും. മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയില്‍ നവംബര്‍ ഒന്നു മുതലാണ് സൗദിക്ക് പുറത്തുള്ളവര്‍ക്ക് കൂടി അനുവാദം ലഭിക്കുക.