യുഎഇ ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്നു. നാളെ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിനായി എമിറേറ്റുകളിലെ പള്ളികളിലും ഈദ്ഗാഹുകളിലും സമയക്രമം പ്രഖ്യാപിച്ചു. ബലി കർമ്മങ്ങൾ സർക്കാർ അംഗീകൃത കശാപ്പുശാലകളിൽ മാത്രമേ നടത്താവൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുബായ്: ബലിപെരുന്നാൾ ആഘോഷിക്കാനൊരുങ്ങി യുഎഇ. നാളെ പുലർച്ചെ സൂര്യോദയത്തിന് തൊട്ടുപിന്നാലെയാണ് എമിറേറ്റുകളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കുക. പള്ളികളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിശ്വാസികൾ പുലർച്ചെ 5:30-ഓടെ തന്നെ എത്തിച്ചേരണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

എമിറേറ്റുകളിലെ പെരുന്നാൾ നമസ്‌കാര സമയം 

അബുദാബി സിറ്റി: രാവിലെ 5:51

അൽ ഐൻ: രാവിലെ 5:45

സായിദ് സിറ്റി: രാവിലെ 5:56

ദുബായ്: രാവിലെ 5:47

ഷാർജ: ഷാർജ സിറ്റി, അൽ ഹംരിയ: രാവിലെ 5:45

സെൻട്രൽ റീജിയൻ (അൽ ദൈദ്, അൽ ബതായ, മ്ലെയ്ഹ, അൽ മദാം): രാവിലെ 5:44

ഈസ്റ്റേൺ റീജിയൻ (ഖോർഫക്കാൻ, കൽബ, ദിബ്ബ അൽ ഹിസ്ൻ): രാവിലെ 5:42

അജ്മാൻ : രാവിലെ 5:45

ഉം അൽ ഖുവൈൻ: രാവിലെ 5:44

റാസൽഖൈമ: രാവിലെ 5:43

ഫുജൈറ: രാവിലെ 5:43

തക്ബീർ ധ്വനികളോടെ രണ്ട് റക്അത്തുകളായാണ് പെരുന്നാൾ നമസ്‌കാരം നിർവ്വഹിക്കുക. നമസ്‌കാരത്തിന് ശേഷം പരസ്പരം ഈദ് ആശംസകൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനും വിശ്വാസികൾ ഒത്തുചേരും. പെരുന്നാൾ നമസ്‌കാരത്തിന് ശേഷമാണ് പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണ പുതുക്കുന്ന ബലി കർമ്മം ആരംഭിക്കുന്നത്. ബലിമൃഗത്തിന്റെ മാംസം കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും പാവപ്പെട്ടവർക്കുമായി വീതം വെക്കുന്നു.

വീടുകളിലോ, തെരുവുകളിലോ, പൊതുസ്ഥലങ്ങളിലോ വെച്ച് മൃഗങ്ങളെ ബലി കഴിക്കാൻ പാടുള്ളതല്ല. സർക്കാർ അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക കശാപ്പുശാലകളും സ്മാർട്ട് ആപ്പുകളും മാത്രമേ ബലി കർമ്മങ്ങൾക്കായി പൊതുജനങ്ങൾ ഉപയോഗിക്കാവൂ എന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.