റിയാദ്: സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് കുടുംബങ്ങളിലെ എട്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ പിന്നീട് മരിച്ചതായും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ മഖ്‍വ ഗവര്‍ണറേറ്റിലെ മഖ്‍വ-ബത്വാത് റോഡിലായിരുന്നു അപകടം. അമിത വേഗതയാണ് അപകട കാരണമായതെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണുള്ളതെന്ന് ബാഹ സിവില്‍ ഡിഫന്‍സ് സര്‍വീസ് വക്താവ് ജമാന്‍ അല്‍ ഗാമിദി അറിയിച്ചു. അപകടത്തില്‍പെട്ട കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിവരം ലഭിച്ച ഉടന്‍ പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി. ഒരു കാറില്‍ ആറ് പേരും മറ്റൊന്നില്‍ നാല് പേരുമായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ എട്ട് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.