1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ ടിക്കറ്റെടുക്കുകയാണ് ഈ 59 വയസുകാരന്‍. നീണ്ട 23 വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ തേടി ഭാഗ്യമെത്തി.

ദുബൈ: ക്ഷമയുടെ നേട്ടം നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറത്തായിരിക്കുമെന്ന് പറയുന്നത് ഒരിക്കലും വെറുതെയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ മുന്‍ പ്രവാസിയുടെ കാര്യത്തില്‍. 23 വര്‍ഷത്തെ ഭാഗ്യ പരീക്ഷണം ഫലം കണ്ടത് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ മറ്റൊരു ജോലി ചെയ്ത് കഴിഞ്ഞുവരുന്നതിനിടെ. മുംബൈ സ്വദേശിയായ ഗൗഡ അശോക് ഗോപാല്‍ എന്ന 59 വയസുകാരനാണ് ഇന്നലെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.

ഡിസംബര്‍ 20ന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ നാല്‍പതാം വാര്‍ഷിക ദിനത്തിലാണ് ഓണ്‍ലൈനായി അദ്ദേഹം ടിക്കറ്റെടുത്തത്. 3082 ആയിരുന്നു നമ്പര്‍. എല്ലാ വര്‍ഷവും ഡിസംബര്‍ 20ന് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നതായിരുന്നു തന്റെ രീതിയെന്ന് ഗൗഡ പറയുന്നു. 23 വര്‍ഷമായി ദുബൈയില്‍ പ്രവാസിയായിരുന്ന അദ്ദേഹം 1999ല്‍ ആദ്യമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ അതില്‍ പങ്കെടുത്തയാളാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇല്ലാതിരുന്ന കാലത്ത് നീണ്ട ക്യൂ നിന്നാണ് ടിക്കറ്റുകള്‍ എടുത്തിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഡിഡിഎഫിന്റെ ആദ്യ ടിക്കറ്റുകള്‍ വാങ്ങിയവരില്‍ തന്റെ പേരുമുണ്ടാവുമെന്നും ആദ്യ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കിട്ടിയത് ടിക്കറ്റ് വാങ്ങാനുള്ള നിരയില്‍ തന്റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ആളിനായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ഒരൊറ്റ ആളിന്റെ വ്യത്യാസത്തില്‍ ആദ്യ സമ്മാനം കൈവിട്ട് പോയപ്പോള്‍ അടുത്തത് തനിക്കായിരിക്കുമെന്ന് പ്രതീക്ഷിച്ചു. ആ കാത്തിരിപ്പ് 23 വര്‍ഷം നീണ്ടു. ഇത്തവണ ജനുവരി മൂന്നിന് വിജയം തന്നെ തേടിയെത്തി- അദ്ദേഹം പറഞ്ഞു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ച ശേഷം പത്ത് ലക്ഷം ഡോളറിന്റെ ഒന്നാം സമ്മാനം ലഭിക്കുന്ന 222-ാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് ഗൗഡ. നിലവില്‍ മുംബൈയില്‍ ഒരു ബഹുരാഷ്ട്ര ഇലക്ട്രോണിക് സൊല്യൂഷന്‍സ് കമ്പനിയുടെ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗം മേധാവിയാണ് അദ്ദേഹം. എന്നാല്‍ 1992ല്‍ ദുബൈയിലെ ഒരു ചെറിയ കമ്പനിയില്‍ നിന്നായിരുന്നു തന്റെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു. 2015ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

പ്രവാസം അവസാനിപ്പിച്ച ശേഷം പിന്നീട് യുഎഇയിലേക്ക് പോയിട്ടില്ലെങ്കിലും അവിടുത്തെ വാര്‍ത്തകള്‍ വായിക്കുകയും സുഹൃത്തുകളുമായും ബന്ധുക്കളുമായും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തുപോന്നു. സഹോദരന് ഇപ്പോഴും ദേരയില്‍ കടയുണ്ട്. നാട്ടിലേക്ക് മടങ്ങിയിട്ടും എല്ലാ വര്‍ഷവും ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്ന പതിവ് മുടക്കിയില്ല. അതാണ് ഇപ്പോള്‍ വലിയ വിജയത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനം ഏറ്റുവാങ്ങാനായി അദ്ദേഹം ഉടന്‍ വീണ്ടും ദുബൈയിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..