ഷാര്‍ജ: പൊലീസ് അറസ്റ്റ് ചെയ്യാനെത്തുന്നത് ഭയന്ന് ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പ്രവാസി യുവതി മരിച്ചു. ഷാര്‍ജയിലെ അല്‍ മുറൈജ ഏരിയയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് മരിച്ചത്. 

രാത്രി പന്ത്രണ്ട് മണിയോടെയാണ് 30കാരിയായ ഫിലിപ്പീന്‍സ് യുവതിയെ സുഹൃത്തെന്ന് കരുതുന്ന അറബ് വംശജനോടൊപ്പം ഷാര്‍ജയിലെ ഒരു ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടത്. അറബ് യുവാവിൻ്റെയോ യുവതിയുടെയോ അപ്പാർട്ട്മെൻറ് ആയിരുന്നില്ല അത്. മറ്റൊരാളുടെ അപ്പാർട്ട്മെൻറ് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അവിടെ കയറുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഇവരെ സ്ഥലത്ത് കണ്ടതോടെ  ഉടമസ്ഥനെ വിളിച്ചറിയിച്ചു. ഉടമസ്ഥനെത്തി നോക്കുമ്പോള്‍ യുവതിയും അറബ് യുവാവും നിലത്തിരുന്ന് ഹുക്ക വലിക്കുകയായിരുന്നു. ഇതോടെ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥന്‍ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയതോടെ അറസ്റ്റ് ഭയന്ന യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി. ഗുരുതര പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് 12.40ഓടെ യുവതിയുടെ മൃതദേഹം അല്‍ ഖാസിമി ഹോസ്പിറ്റലിലേക്ക് മാറ്റി. ചോദ്യം ചെയ്യാനായി അറബ് വംശജനെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ഒട്ടോപ്‌സി പരിശോധനയ്ക്കായി പിന്നീട് യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിരുന്നു. അല്‍ ഗര്‍ബ് പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.