ആദ്യമായാണ് സംസ്ഥാന സമ്മേളനത്തിൽ വിദേശത്ത് നിന്നുള്ള മലയാളികൾ മുഴുനീള പ്രതിനിധികളായി പങ്കെടുക്കുന്നത്.
മസ്‍കത്ത്: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ (CPIM State Conference) ഇത്തവണ പ്രവാസി പ്രതിനിധികളും. നിരീക്ഷകരായാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് പേർ സമ്മേളനത്തിന്റെ ഭാഗമാകുന്നത്. ആദ്യമായാണ് സംസ്ഥാന സമ്മേളനത്തിൽ വിദേശത്ത് നിന്നുള്ള മലയാളികൾ മുഴുനീള പ്രതിനിധികളായി പങ്കെടുക്കുന്നത്.
നാല് ദിവസവും പ്രവാസി പ്രതിനിധികള്‍ സമ്മേളനത്തില്‍ തുടരും. ഒമാനിൽ നിന്നും പ്രവാസി ക്ഷേമനിധി ബോർഡ് അംഗവും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹിക ക്ഷേമ വിഭാഗം കൺവീനറുമായ പി.എം ജാബിർ ഇത്തവണ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയാണ്. നേരത്തെ സംസ്ഥാന സമ്മേളനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ സ്ഥിരം സാനിധ്യമായിരുന്നു. ഹൈദരബാദിൽ നടന്ന കഴിഞ്ഞ സി പി എം പാർട്ടി കോൺഗ്രസിലും പി എം ജാബിർ പ്രതിനിധിയായിരുന്നു.
ഷിബു (ജിദ്ദ), ജോർജ് (ദമ്മാം), അജിത്ത് (കുവൈത്ത്), ശ്രീജിത്ത് (ബഹ്‌റൈൻ), പ്രമോദ് (ഖത്തർ), പത്മനാഭൻ, കുഞ്ഞമ്മദ്, മുരളി (യു.എ.ഇ) എന്നിവരാണ് മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികൾ.
എറണാകുളം മറൈൻ ഡ്രൈവിൽ ചൊവ്വാഴ്ച തുടക്കം കുറിച്ച സംസ്ഥാന സമ്മേളനം മാർച്ച് നാല് വരെ തുടരും. 450 പേരാണ് ഇത്തവണ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇവരിൽ 50 നിരീക്ഷകരും ഉൾപ്പെടുന്നു.
