ബാധ്യതകൾ മാത്രം സമ്പാദ്യമായി നാല്‍പതുകൾ പിന്നിട്ട പലർക്കും പ്രവാസം അവസാനിപ്പിക്കുന്നത് ആലോചിക്കാൻ കൂടി കഴിയുന്നില്ല.

കൊച്ചി: വിസ കാലാവധി തീരാറായതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങി പോകാനാകാത്ത ആയിരക്കണക്കിന് പ്രവാസികൾ. പുതിയ വിസ എടുക്കാനും, ടിക്കറ്റിനുമായുള്ള ലക്ഷങ്ങൾക്കായി നാട്ടിൽ ചെറിയ ജോലികൾ ചെയ്ത് തുടങ്ങിയെങ്കിലും അദ്ധ്വാനം മാത്രമാണ് മിച്ചം. ബാധ്യതകൾ മാത്രം സമ്പാദ്യമായി നാല്‍പതുകൾ പിന്നിട്ട പലർക്കും പ്രവാസം അവസാനിപ്പിക്കുന്നത് ആലോചിക്കാൻ കൂടി കഴിയുന്നില്ല.

ആലുവയിലെ ചാക്കുകടയിലാണ് സലീമിനെ കണ്ടത്. 28വർഷമായി പ്രവാസിയായ അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ സൗദിയിൽ നിന്ന് ഒന്നരമാസത്തെ അവധിക്ക് വന്നതാണ്. കൊവിഡ് പ്രതിസന്ധി തുടർന്നതോടെ വിമാന സർവ്വീസ് മുടങ്ങി. മറ്റ് രാജ്യങ്ങൾ വഴി സൗദിയിലെത്താൻ ലക്ഷങ്ങൾ മുടക്കണം. അതിനുള്ള പാങ്ങില്ല. ഡ്രൈവർ ജോലിയുടെ അവധി ഇനിയും നീട്ടി ചോദിക്കാനാകില്ല സലീമിന്. ഓഗസ്റ്റിൽ വിസ തീരുന്നതിന് ആലോചിക്കാനും വയ്യ. ഗൾഫിലെ ജോലി മതിയാക്കി ഇവിടെ തുടരുന്നുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ ഇക്കാലമത്രയും ഇത്തിരി സമ്പാദ്യത്തിനൊപ്പം പെരുകിയ ബാധ്യതകൾ എന്ത് ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ മറുചോദ്യം. നാട്ടിലെ പണിക്ക് അദ്ധ്വാനമുണ്ടെങ്കിലും കൂലി ഗൾഫിൽ നിന്ന് കിട്ടിയതിന്റെ പകുതി പോലുമില്ല. ഇനിയും കാലുറക്കാത്ത കുടുംബത്തിന് മറ്റാര് തുണ?


ആലുവ എടയപ്പുറം സ്വദേശി അബ്ദുൽ അസീസിനും ഉള്ളിൽ ആധിയാണ്. വിസ കാലാവധി കഴിയുന്ന സെപ്റ്റംബറിന് മുമ്പെ 35 വർഷം ഡ്രൈവറായി പണിയെടുത്ത സൗദിയിലേക്ക് തന്നെ മടങ്ങണം. അതിനാണ് ഇപ്പോഴത്തെ അദ്ധ്വാനമത്രയും. കുടുംബത്തിന്റെ ഏക വരുമാനം മുടങ്ങിയതോടെ വീട്ടിലെ കടബാധ്യതയും കൂടി വരികയാണ്. സഹോദരന്റെ റൈസ് മില്ലിൽ ജോലി തുടങ്ങി. ലോക്ഡൗണിനിടെ പല ദിവസങ്ങളിൽ ഈ പണിയും മുടങ്ങി. മേയ് മാസത്തിൽ വിസാ കാലാവധി കഴിഞ്ഞെങ്കിലും സ്‍പോൺസർ പുതുക്കി നൽകി. എന്നാൽ ഇനി ഒരു വീട്ടുവീഴ്‍ച ഉണ്ടായേക്കില്ല. വിസ പുതുക്കണമെങ്കിൽ പിന്നെയും വേണം ലക്ഷങ്ങൾ. അതിനുമുമ്പ് സൗദിയിലെത്തണം.

YouTube video player

നാട്ടില്‍ നിന്നാല്‍ ബാധ്യതകള്‍ താങ്ങാനാവില്ലെന്നത് കൊണ്ട് മാത്രമാണ് പലരും വീണ്ടും പ്രവാസിയാകാന്‍ ആഗ്രഹിക്കുന്നത്. ഗള്‍ഫിലേക്ക് മടങ്ങാനുള്ള വഴികള്‍ തുറന്നില്ലെങ്കില്‍ ഇത്തരക്കാരുടെ ജീവിതം മുന്നോട്ടുപോകാനുള്ള വഴികള്‍ തന്നെയായിരിക്കും അടയുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona