സൗദിയില്‍ ഇനി വിദേശികൾക്ക് താമസത്തിനായി ഫ്ലാറ്റുകൾ പങ്കിടാമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു. ഫ്ലാറ്റ് പങ്കിടുന്ന ഓരോ വിദേശിയുടെയും പേര് വാടക കരാറിൽ രേഖപ്പെടുത്തണം.
റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പാര്‍പ്പിടകാര്യ മന്ത്രാലയം. സൗദിയില്‍ ഇനി വിദേശികൾക്ക് താമസത്തിനായി ഫ്ലാറ്റുകൾ പങ്കിടാമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു. ഫ്ലാറ്റ് പങ്കിടുന്ന ഓരോ വിദേശിയുടെയും പേര് വാടക കരാറിൽ രേഖപ്പെടുത്തണം. വാടക കരാർ വിദേശികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം നേരത്തെ തീരുമാനിച്ച സാഹചര്യത്തിലാണ് ഫ്ലാറ്റുകൾ പങ്കിടാമെന്നു മന്ത്രാലയം വ്യക്തമാക്കിയത്.
വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനും സെപ്റ്റംബർ മുതൽ വാടക കരാർ നിർബന്ധമാക്കിയിരുന്നു. ഇത് വിദേശ തൊഴിലാളികൾക്ക് ഫ്ലാറ്റ് പങ്കിടുന്നതിനും ഒരുമിച്ചു താമസിക്കുന്നതിനും കഴിയുമോ എന്ന ആശങ്ക പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാടക കരാറിൽ അതാതു ഫ്ലാറ്റുകളിൽ താമസിക്കുന്ന എല്ലാ വിദേശ തൊഴിലാളികളുടെയും പേരുകൾ ഉപ്പെടുത്തിയിരിക്കണമെന്ന് പാർപ്പിട കാര്യ മന്ത്രാലയം വ്യക്തത വരുത്തിയത്. നിലവിൽ ഒരു വ്യക്തിയുടെ പേരിൽ മാത്രമാണ് വാടക കരാർ എഴുതുന്നത്.
പാർപ്പിട മന്ത്രലയത്തിനു കീഴിലുള്ള ഓൺലൈൻ സംവിധാനമായ "ഈജാർ" പ്രോഗ്രാമിലൂടെയാണ് വാടക കരാർ വിദേശികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ ഇനി വാടക കുടിശ്ശിക ഇല്ലന്ന് വ്യക്തമാക്കേണ്ടിവരും.
