റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതോടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നാട്ടിലെത്താനുള്ള പ്രവാസികളുടെ ശ്രമം സാധ്യമാവില്ലെന്നാണ് വിലയിരുത്തല്‍.

ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് സൗദി അറേബ്യ. മരണസംഖ്യ ആയിരം കടക്കുമ്പോള്‍ കൊവിഡ് ഭീതിയില്‍ നിന്ന് നാട്ടിലെത്താനുള്ള പ്രവാസി മലയാളികളുടെ ശ്രമത്തിന് തിരിച്ചടിയാവുകയാണ്  സര്‍ക്കാര്‍ ഉത്തരവ്. 

വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടും 7000ത്തില്‍ താഴെ മലയാളികള്‍ക്ക് മാത്രമാണ് സൗദിയില്‍ നിന്ന് ഇതുവരെ നാട്ടിലെത്താനായത്.1500 സൗദി റിയാല്‍, ഏകദേശം മുപ്പതിനായിരത്തോളം രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ ഒരാളോട് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ ചാര്‍ട്ടര്‍ വിമാനമൊരുക്കാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വരുമെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു.

സൗദി ഇന്ത്യന്‍ എംബസി  പ്രസിദ്ധീകരിച്ച മാർനിർദേങ്ങളിലാണ് ഈ മാസം 20 മുതൽ കേരളത്തിലേക്ക് പോകുന്നവര്‍ക്ക് സംസ്ഥാനത്തിന്‍റെ ആവശ്യപ്രകാരം കൊവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന് പറയുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പരിശോധന വേണമെന്ന നിര്‍ദ്ദേശമില്ല.