മസ്കറ്റ്: പ്രവാസികളുടെ മടക്ക യാത്രക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ഒമാനിലെ പ്രവാസികള്‍. വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്നും 21 വിമാനങ്ങളിലായി ഇതുവരെ കേരളത്തിലേക്ക് മടങ്ങിയത്  3780 പേര്‍ മാത്രമാണ്.

മെയ് ഒമ്പതിന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക്  181 യാത്രക്കാരുമായി പുറപ്പെട്ട വിമാനമായിരുന്നു വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം. ഇന്ന് 35 ദിവസം പിന്നിടുമ്പോള്‍ 21 എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ ഒമാനില്‍ നിന്നും യാത്രക്കാരുമായി എത്തിയത്. ശരാശരി 180  യാത്രക്കാരുമായി ഒമാനില്‍ നിന്നും മടങ്ങുന്ന വന്ദേ ഭാരത് ദൗത്യത്തിലൂടെ ഇതിനകം ഏകദേശം 3780 പ്രവാസികള്‍ക്ക് മാത്രമേ കേരളത്തിലെത്തുവാന്‍ സാധിച്ചിട്ടുള്ളൂ.

വന്ദേ ഭാരതിന്റെ നിലവിലെ ഘട്ടം ജൂണ്‍ 30-തിന് പൂര്‍ത്തിയാകുമ്പോള്‍ 12 വിമാന സര്‍വീസുകള്‍ കൂടി കേരത്തിലേക്ക് ഉണ്ടാകും. നാട്ടിലേക്ക് മടങ്ങുവാന്‍ വേണ്ടത്ര വിമാനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ എന്ന ആശയം  ഉയര്‍ന്നുവന്നതും ആരംഭിച്ചതും.ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയുന്നതല്ലെന്ന് മസ്‌കറ്റ്  ഇന്ത്യന്‍  സോഷ്യല്‍ ക്ലബിന്‍റെ മലബാര്‍ വിഭാഗം കോ കണ്‍വീനര്‍ സിദ്ധിക്ക് ഹസ്സന്‍, മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ എബ്രഹാം മാത്യു എന്നിവര്‍ പറഞ്ഞു.

ഇതിനകം അഞ്ച് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി 900 പ്രവാസികള്‍ക്കു മാത്രമേ മസ്‌കറ്റില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുവാന്‍ സാധിച്ചിട്ടുള്ളൂ. നാട്ടിലേക്കുള്ള മടക്ക യാത്രക്കായി മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ 50,000ത്തിലധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന. 

ചാര്‍ട്ടര്‍ ഫ്‌ളൈറ്റില്‍ വരുന്നവര്‍ക്ക് മാത്രം കൊവിഡ് പരിശോധന; ഉത്തരവ് അപ്രായോഗികമെന്ന് രമേശ് ചെന്നിത്തല