കൊവിഡ് പ്രതിസന്ധി കാരണം നിരവധി പ്രവാസികള്‍ക്കാണ് ജോലി നഷ്ടമായത്. പതിനായിരക്കണക്കിന് പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പ്രവാസികള്‍ പണം അയക്കുന്നത് കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം കുറഞ്ഞതായി കണക്കുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അയച്ച പണത്തില്‍ 400 ദശലക്ഷം ദിനാറിന്റെ ഇടിവുണ്ടായി. ആകെ 5.3 ബില്യണ്‍ ദിനാറാണ് കഴിഞ്ഞ വര്‍ഷം ആകെ കുവൈത്തില്‍ നിന്ന് പ്രവാസികള്‍ അയച്ചത്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട 2020ലെ പ്രാഥമിക വിവരങ്ങളിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ 5.7 ബില്യണ്‍ ദിനാറാണ് പ്രവാസികള്‍ അയച്ചിരുന്നത്. കൊവിഡ് മഹാമാരിയും അതുമൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളുമാണ് 2020ല്‍ പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വലിയ ഇടിവുണ്ടാകാന്‍ കാരണം. 

കൊവിഡ് പ്രതിസന്ധി കാരണം നിരവധി പ്രവാസികള്‍ക്കാണ് ജോലി നഷ്ടമായത്. പതിനായിരക്കണക്കിന് പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടു. ഇതോടെയാണ് പണം അയക്കുന്നതില്‍ കുറവ് വന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം കുവൈത്തികള്‍ യാത്രയ്ക്കായി ചെലാക്കുന്ന പണത്തില്‍ 53% കുറവുണ്ടായിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളും പൂര്‍ണമായും അടച്ചിട്ടതാണ് ഇതിന് കാരണം. 2019ല്‍ 3.7 ബില്യന്‍ ദിനാറാണ് യാത്രയ്ക്കായി ചെലവഴിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1.76 ബില്യന്‍ ദിനാറായി കുറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona