പുതുക്കിയ നികുതി വ്യാഴാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 സാധനങ്ങള്‍ക്ക് വില കൂടും. കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുള്ള ഉന്നതതലയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് നികുതി വര്‍ധന. 

ദില്ലി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത് പ്രവാസികള്‍ക്കും ഇരുട്ടടിയാവും. ഏവിയേഷന്‍ ഫ്യുവലിന് അധിക നികുതി ഏര്‍പ്പെടുത്തിയത് വിമാന ടിക്കറ്റ് വര്‍ദ്ധനവിന് കാരണമാകും. തീരുവയില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്.

പുതുക്കിയ നികുതി വ്യാഴാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 സാധനങ്ങള്‍ക്ക് വില കൂടും. കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുള്ള ഉന്നതതലയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് നികുതി വര്‍ധന. 2017-18 സാമ്പത്തിക വർഷത്തിൽ ഈയിനത്തിൽ പെട്ട 86000 കോടി രൂപയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്തെന്നാണ് ധനമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.‌ 10 കിലോയിൽ കുറവുള്ള എസി, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ കസ്റ്റംസ് തീരുവ 20 ശതമാനമാണ് വർധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർധിച്ചതും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും കാരണമാണ് രാജ്യത്തെ വിദേശനാണ്യക്കമ്മി വർധിച്ചത്. ഇതേ തുടർന്നുള്ള പരിഹാര നടപടിയെന്ന നിലയിലാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്.