കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മാൻ പവർ പബ്ലിക് അതോറിറ്റി .തൊഴിലാളികൾക്ക് അവകാശങ്ങളെക്കുറിച്ച് അവബോധമില്ലെന്നും അതോറിറ്റി . അതേ സമയം കുവൈത്തിൽ നിന്ന് കഴിഞ്ഞ ഒൻപത് മാസത്തിനിടെ ഇരുപത്തേഴായിരം ഫിലിപ്പീൻ തൊഴിലാളികൾ രാജ്യം വിട്ടു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് മാൻ പവർ അതോറിറ്റി വക്താവ് അസീൽ അൽ മസായിദാണ് വ്യക്തമാക്കിയത്. 

രാജ്യാന്തര തലത്തിൽ നിഷ്ക്കർഷിക്കുന്ന തൊഴിൽ നിയമങ്ങളും മാർഗ നിർദ്ദേശങ്ങളും കുവൈത്ത് പാലിക്കുന്നുണ്ട്. പക്ഷേ ഭൂരിഭാഗം തൊഴിലാളികൾക്കും അവകാശങ്ങളെക്കുറിച്ച് അവബോധമില്ലെന്നും ഇത് മറികടക്കാൻ ഉള്ള നടപടികൾ ആരംഭിച്ചതായും അതോറിറ്റി വക്താവ് വ്യക്തമാക്കി. അതേ സമയം ഫിലിപ്പീൻ തെഴിലാളികൾ വ്യാപകമായി കുവൈത്തിൽ നിന്നും കൊഴിഞ്ഞു തുടങ്ങി. 

9 മാസത്തിനിടെ ഇരുപത്തേഴായിരം പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഇതിൽ 23000 പേർ സ്ത്രീകളാണ്. ഗാർഹിക തൊഴിലാളികൾ പീഢനമനുഭവിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആളുകൾ കൊഴിഞ്ഞ് പോകുന്നതിന് കാരണമായ പറയപ്പെടുന്നത്. കുവൈത്തിലെ നാലാമത്തെ വലിയ വിദേശി സമൂഹമാണ് ഫിലിപ്പീനിയകൾ . ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.