അബുദാബിയിലെ അൽ ഇത്തിഹാദ് നാഷണൽ പ്രൈവറ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മറിയം അലി അൽ ഖാബി ആണ് ഈ പെൺകുട്ടി.
അബുദാബി: മിഡിൽഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി യുഎഇ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പൂക്കൾ സമ്മാനിച്ച പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ട്രംപിന്റെ വരവിനായി കാത്ത് നിൽക്കുന്നതിനിടയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പെൺകുട്ടിയും നടത്തുന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
അബുദാബിയിലെ അൽ ഇത്തിഹാദ് നാഷണൽ പ്രൈവറ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മറിയം അലി അൽ ഖാബി ആണ് ഈ പെൺകുട്ടി. വെള്ള പൂക്കളുമായി ട്രംപിനെ സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുമ്പോൾ ശൈഖ് മുഹമ്മദുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ചില അറബ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ശൈഖ് മുഹമ്മദുമായുള്ള വിലപ്പെട്ട അനുഭവവും ഈ പെൺകുട്ടി പറയുന്നുണ്ട്. ട്രംപിനെ സ്വീകരിക്കാൻ കാത്ത് നിന്നപ്പോൾ ശൈഖ് മുഹമ്മദ് തന്റെ അരികിലേക്ക് നടന്നുവരികയായിരുന്നെന്നും തന്നോട് ഒരുപാട് സംസാരിച്ചിരുന്നെന്നും കുട്ടി പറയുന്നു. കുട്ടിയോട് വളരെ സൗമ്യമായി ചിരിച്ച് സംസാരിക്കുന്നതും പെൺകുട്ടിയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിക്കുന്നതും പ്രചരിക്കുന്ന വീഡിയോകളിൽ കാണാൻ കഴിയും.
ശൈഖ് മുഹമ്മദിനെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായെന്നും അദ്ദേഹം തന്നെ കെട്ടിപ്പിടിച്ചെന്നും കുട്ടി പറയുന്നു. എന്റെ വയസ്സും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കുസൃതിക്കായി സഹോദരങ്ങളിൽ ആർക്കാണ് ഏറ്റവും കൂടുതൽ മാർക്കെന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ ഞങ്ങളെല്ലാവരും നന്നായി പഠിക്കുമെന്നും ക്ലാസിൽ എല്ലാ വിഷയത്തിനും നല്ല മാർക്കുണ്ടെന്നും കുട്ടി പറഞ്ഞു. അവസാനം തന്റെ വീട്ടിലേക്ക് യുഎഇ പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ടെന്നും ക്ഷണം കിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചതായും കുട്ടി പറയുന്നു. യുഎഇയിലെത്തിയ ട്രംപിനെൊരുക്കിയ സ്വീകരണത്തിൽ പരമ്പരാഗത ഖലീജി നൃത്തവും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്.


