റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി 10 ദിവസം കൂടി നീട്ടി. 2019ലും അതിനു മുമ്പുമുള്ള ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

സെപ്തംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ ഇളവ് പ്രാബല്യത്തിലുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് 10 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു. വാഹനങ്ങള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതി 10 ദിവസം കൂടി നീട്ടിയെന്നും എന്നാല്‍ അപകടകരമായ വിധത്തില്‍ വാഹനമോടിച്ചതടക്കമുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് ലഭിക്കില്ലെന്നും റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 

ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വഴി കുടിശ്ശികയുള്ള ട്രാഫിക് പിഴ അടച്ചു തീര്‍ക്കാനും അതുവഴി സാമ്പത്തിക ബാധ്യത കുറയ്ക്കാനും സഹായകമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.