പൊതു നിരത്തുകളിലും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വഴിയുമൊക്കെയുള്ള  ശല്യം ചെയ്യലുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്.

അബുദാബി: വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീകളെ ഉപദ്രവിക്കുന്നവര്‍ (molesting a female by words or acts) ജയിലിലാവുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ (UAE Public Prosecution) മുന്നറിയിപ്പ്. പൊതു നിരത്തുകളിലും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വഴിയുമൊക്കെയുള്ള (post on social media accounts) ശല്യം ചെയ്യലുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ സംബന്ധിച്ച് അവബോധം പകരുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായായിരുന്നു മുന്നറിയിപ്പ്.

2021ലെ ഫെഡറല്‍ നിയമം 31ലെ 412-ാം അനുച്ഛേദം അനുസരിച്ച് സ്‍ത്രീകളെ ശല്യം ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഒരു വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം വരെ പിഴയുമായിരിക്കും ലഭിക്കുക. മോശമായ വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീയെ പൊതുനിരത്തില്‍ വെച്ചോ അതുപോലുള്ള മറ്റ് സ്ഥലങ്ങളില്‍ വെച്ചോ ശല്യം ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരാണ്. സ്‍ത്രീകള്‍ക്കായി മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സ്‍ത്രീകളുടെ വേഷം ധരിച്ചോ ആള്‍മാറാട്ടം നടത്തിയോ പ്രവേശിക്കുന്നതും ഈ നിയമ പ്രകാരം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മൃഗത്തെ ദേശീയ പതാക പുതപ്പിച്ചു; കുവൈത്തില്‍ യുവതി അറസ്റ്റില്‍
കുവൈത്ത് സിറ്റി: ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിന് (Insulting national flag) കുവൈത്തില്‍ യുവതി അറസ്റ്റിലായി (Kuwaiti woman arrested). ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ (National Day Celebrations) മൃഗത്തിന്റെ ശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതിനാണ് (tying around an animal) നടപടിയെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ദിനാഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അതിരുവിട്ട പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുവൈത്തിന്റെയോ സുഹൃദ് രാജ്യങ്ങളുടെയോ ദേശീയ പതാകകളെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്ത് ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 250 ദിനാര്‍ വരെ (അറുപതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) ഇങ്ങനെ പിഴ ലഭിക്കും. ഇത്തരം പ്രവൃത്തികള്‍ നിയമ നടപടികളിലേക്ക് വഴിതെളിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വീടിനുള്ളില്‍ ഗൃഹനാഥനും ഭാര്യയും മകളും കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
കുവൈത്ത് സിറ്റി: കുവൈത്തിനെ (Kuwait) ഞെട്ടിച്ച് കൊലപാതകം (murder). ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആര്‍ദിയ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുവൈത്തി പൗരനെയും ഭാര്യയും മകളെയും വീടിനുള്ളില്‍ കുത്തി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. 

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാകാം കൊലപാതകം നടന്നതെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു. മൂന്നുപേരെയും നിരവധി തവണ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനത്തില്‍ വ്യക്തമാകുന്നത്. 

സംശയം തോന്നിയതിനെ തുടര്‍ന്ന് ദിവസ വേതനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭാര്യയുടെയും മകളുടെയും സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകമല്ലെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.