Asianet News MalayalamAsianet News Malayalam

മലവെള്ളപ്പാച്ചിലില്‍ താഴ്‍വരകള്‍ മുറിച്ചു കടക്കുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ

സാഹസികമായി താഴ്വര മുറിച്ചു കടക്കാന്‍ പലരും ശ്രമിക്കാറുണ്ട്. പലതും അപകടങ്ങളിലോ മരണത്തിലോ കലാശിക്കും. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ പുതിയ ട്രാഫിക് നിയമത്തിന് അംഗീകാരം നല്‍കിയത്.

Fine up to SR10,000 for crossing flowing valleys
Author
Riyadh Saudi Arabia, First Published Jan 21, 2021, 10:49 AM IST

റിയാദ്: സൗദിയില്‍ താഴ്‌വാരങ്ങളിലെ വെള്ളക്കെട്ടുകളിലൂടെ വാഹനം സാഹസികമായി ഓടിക്കുന്നത് ട്രാഫിക് നിയമ ലംഘനമായി പ്രഖ്യാപിച്ചു. 5,000 മുതല്‍ 10,000 റിയാല്‍ വരെയാണ് നിയമലംഘനത്തിന് പിഴ. വെള്ളത്തിലൂടെ വാഹനമോടിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവായ സാഹചര്യത്തില്‍ സൗദി മന്ത്രിസഭയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.

സാഹസികമായി താഴ്വര മുറിച്ചു കടക്കാന്‍ പലരും ശ്രമിക്കാറുണ്ട്. പലതും അപകടങ്ങളിലോ മരണത്തിലോ കലാശിക്കും. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ പുതിയ ട്രാഫിക് നിയമത്തിന് അംഗീകാരം നല്‍കിയത്. ഇതു പ്രകാരം, ഇനി മുതല്‍ ഒഴുകുന്ന വെള്ളത്തിലൂടെ വാഹനം സാഹസികമായി ക്രോസ് ചെയ്യാന്‍ പാടില്ല. മഴയുടെ ഭാഗമായി നിശ്ചിത സമയങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടാകും. ഇതിലൂടെ വാഹനം അക്കരെയെത്തിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് മുന്നോടിയായി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഇത് ലംഘിച്ച് താഴ്വരങ്ങളില്‍ തമ്പടിക്കുന്നവര്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങുന്നതും രക്ഷപ്പെടാന്‍ വാഹനം സാഹസികമായി ഓടിച്ച് അപകടത്തില്‍ പെടാറുമുണ്ട്. അപകട മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് നിയമം പ്രാബല്യത്തിലാകുന്നത്.

Follow Us:
Download App:
  • android
  • ios