Asianet News MalayalamAsianet News Malayalam

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യത്തെ പൂർണമായും സൗജന്യമായ ചാർട്ടേഡ് വിമാനം ഒരുങ്ങുന്നു

ജോലി നഷ്ടപ്പെട്ടവർ, താഴ്ന്ന വരുമാനം ലഭിക്കുന്നവർ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉളളവർ, എന്നിവർക്ക് ഞങ്ങൾ ഒരുക്കുന്ന ഈ സൗജന്യ ചാർട്ടേഡ് വിമാനത്തിൽ മുൻഗണന നൽകുന്നതാണെന്ന് ദുബായിലെ ജെ&ജെ മാർക്കറ്റിങ്ങ് എൽഎൽസി മാനേജിംഗ് ഡയറക്ടറായ ജിജി വർഗീസ് പറഞ്ഞു. 

first ever fully sponsored flight to Kochi from uae
Author
Abu Dhabi - United Arab Emirates, First Published Jun 28, 2020, 8:28 PM IST

ദുബായ്: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യത്തെ പൂർണമായും സൗജന്യമായ ചാർട്ടേഡ് വിമാനം ഒരുക്കി ദുബായിലെ ജെ&ജെ മാർക്കറ്റിങ്ങ് എൽഎൽസി. ജൂലൈ 3ന് 185 ഇന്ത്യക്കാരുമായി കൊച്ചിയിലേയ്ക്കാണ് വിമാനം പുറപ്പെടുക. 

2019 ൻ്റെ അവസാനത്തോടെ ലോകത്ത് പടർന്നുപിടിച്ച കൊവിഡ് 19 മൂലം ആയിരക്കണക്കിന് ഇന്ത്യക്കാർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. വ്യോമയാന മേഖലയിൽ വന്ന നിയന്ത്രണങ്ങൾ, റദ്ദാക്കലുകൾ എന്നിവയെ തുടര്‍ന്ന് നിരവധി ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്ക് മടങ്ങുവാൻ ബദൽ സംവിധാനങ്ങൾ ഇല്ലാതെ വിഷമിക്കുകയാണ്. ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ സുരക്ഷിതവും സമ്പൂർണ്ണ ചെലവുകള്‍ ഉൾപ്പെടുത്തിയുമുള്ള ചാർട്ടേഡ് വിമാനം ഒരുക്കുകയാണ് ജെ&ജെ മാർക്കറ്റിങ്ങ് എൽഎൽസി ദുബായിയുടെ മാനേജിംഗ് ഡയറക്ടറായ ജിജിയും സംഘവും. സർക്കാർ സ്ഥാപനങ്ങളോടൊപ്പം ജിജിയും സംഘവും ഏകോപിപ്പിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത്. 

185 ഇന്ത്യക്കാർക്ക് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് ചാർട്ടേഡ് വിമാനം ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 185 പ്രവാസികൾക്ക് യുഎഇ മുതൽ കൊച്ചി വരെയുള്ള ടിക്കറ്റിൻ്റെ ചെലവ് വഹിക്കുമെന്നും ഇരുപത് രാജ്യങ്ങളിലെ സ്റ്റേഷനറി വ്യവസായത്തിൽ പ്രമുഖ വിതരണക്കാരായ ജെ&ജെ മാർക്കറ്റിങ്ങ് എൽഎൽസി ദുബായിയുടെ മാനേജിംഗ് ഡയറക്ടറായ ജിജി വർഗീസ് പറഞ്ഞു.

മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എന്നാൽ അതിനുള്ള ചെലവ് വഹിക്കാൻ കഴിയാത്തവരെ സഹായിക്കുന്നതിന് വേണ്ടിയും സമൂഹത്തിനോടുള്ള പ്രതിബദ്ധതയും കാരണം താൻ വ്യക്തിപരമായി തുടക്കം കുറിക്കുന്ന സംരംഭമാണിതെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജോലി നഷ്ടപ്പെട്ടവർ, താഴ്ന്ന വരുമാനം ലഭിക്കുന്നവർ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉളളവർ, എന്നിവർക്ക് ഞങ്ങൾ ഒരുക്കുന്ന ഈ സൗജന്യ ചാർട്ടേഡ് വിമാനത്തിൽ മുൻഗണന നൽകുന്നതാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

'യുഎയിലെ വിവിധ സാമൂഹിക സംഘടനകളായ മർത്തോമാ ചർച്ച്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, യുഎക്യു ഇന്ത്യൻ അസോസിയേഷൻ, പിടിഎ അസോസിയേഷൻ, ഇൻകാസ്, വിഒഎൽ, അക്കാഫ് ടാസ്ക്ക് ഫോഴ്സ്, ദി ഇൻഫ്യുയെൻഷ്യൽ നെറ്റ്വർക്ക് ഓഫ് കേരളാ കോളേജെസ് അലുമിനൈ, വേൾഡ് മലയാളി കൗൺസിൽ, തുടങ്ങിയവരിൽ നിന്നും ഈ വിമാന സർവ്വീസ് ഒരുക്കുന്നതിന് പിന്തുണ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട  അർഹരായ ആളുകളുടെ പട്ടിക സൂക്ഷ്മ പരിശോധന നടത്താൻ ഒരു മികച്ച ടീമിനെ ഞങ്ങൾ സജ്ജമാക്കിയിട്ടുണ്ട്, അർഹതപ്പെട്ടവർക്ക് മാത്രമേ ഈ ഫ്ലൈറ്റിൽ നാട്ടിലേക്ക് മടങ്ങുവാൻ അവസരം ലഭിക്കൂ എന്നുറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും, അതും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് തന്നെ'- ജിജി വര്‍ഗീസ് അറിയിച്ചു.  

ഏറ്റവും നിർണായകമായ സമയത്ത് അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായം  അമൂല്യവും അർത്ഥവത്തുമായിരിക്കും. അത് അവിസ്മരണീയമായ ഒരു കാര്യമാണ്. അതിനാൽ ഈ സംരംഭം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനമാകുമെന്ന് വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ ടീം അംഗങ്ങളുടെ പരിശ്രമത്തെ പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തില്ലെങ്കിൽ ഈ പദ്ധതി പൂർണ്ണമാകില്ല. ഈ സംരംഭം വിജയിപ്പിക്കുന്നതിന്  വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്ന എല്ലാ സന്നദ്ധ പ്രവർത്തകരെയും നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും എല്ലാത്തിനും ഉപരിയായി ഈ കാര്യങ്ങൾ എല്ലാം കൃത്യമായി നടക്കുന്നതിന് ദൈവത്തിനോടും നന്ദി പറയുകയാണെന്നും ജിജി വർഗീസ് കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 
ദിലീപ് - +971 55 268 3736
രാജേഷ് - +971 55 261 4845
സുനിൽ - +971 55 262 1787
missiongigis@gmail.com
 

Follow Us:
Download App:
  • android
  • ios