റിയാദ്: സൗദിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അംബാസഡർ ചുമതലയേറ്റു. അമേരിക്കയിൽ അംബാസിഡര്‍ ആയിക്കൊണ്ട് റീമാ ബിൻത് ബന്ദർ രാജകുമാരിയാണ് ചരിത്രം കുറിച്ചത്. അമേരിക്കയിലെ സൗദിയുടെ പതിനൊന്നാമത്തെ അംബാസഡറായാണ് റീമാ ബിൻത് ബന്ദർ രാജകുമാരിയുടെ നിയമനം.

ഏഷ്യൻ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശനിയാഴ്‌ചയാണ്‌ റീമാ രാജകുമാരിയെ അമേരിക്കയിലെ പുതിയ അംബാസഡറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ റീമ രാജകുമാരി സൗദിയിൽ ആദ്യമായി സ്‌പോർട്സ് ഫെഡറേഷന്റെ മേധാവിയായ വനിത കൂടിയാണ്.

കിരീടാവകാശിയുടെ ഓഫീസിൽ ഉപദേഷ്ടകയായും പ്രവർത്തിച്ചുവരികയായിരുന്നു ഇതുവരെ. 2014 ൽ ഫോബ്‌സ് മാഗസിൻ ശക്തരായ 200 അറബ് വനിതകളിൽ ഒരാളായി റീമയെ തിരഞ്ഞെടുത്തിരുന്നു. നിലവിൽ അമേരിക്കയിലെ സൗദി അംബാസഡർ ആയിരുന്ന ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിരോധ സഹമന്ത്രിയായും നിയമിച്ചുകൊണ്ട് ഇന്നലെ രാജവിജ്ഞാപനമിറങ്ങിയിരുന്നു.