കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഒമ്പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

ദുബൈ: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് സ്ഥാപനങ്ങള്‍ ദുബൈ മുന്‍സിപ്പാലിറ്റി അടച്ചുപൂട്ടി. ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതും ആള്‍ക്കൂട്ടവുമാണ് മിര്‍ദ്ദിഫ്, സത്വ, നായിഫ് എന്നിവിടങ്ങളിലെ നാല് ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ കാരണമായത്. ഔദ് മേത്തയില്‍ ഒരു മസാജ് കേന്ദ്രവും പൂട്ടിച്ചു. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താത്തതും മാസ്‌ക് ധരിക്കാത്തതും മൂലമാണ് മസാജ് കേന്ദ്രത്തിനെതിരെ നടപടിയെടുത്തത്. 

ദുബൈയിലെ 2,225 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയതായും ശരാശരി 99 ശതമാനം സ്ഥലങ്ങളിലും കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നതായാണ് കണ്ടെത്തിയതെന്നും ദുബൈ മുന്‍സിപ്പാലിറ്റി അറിയിച്ചു. കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഒമ്പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. 2,209 സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona