പെണ്‍കുട്ടികളുടെ പ്രായവും ദുരിത ജീവിതവും മുതലെടുത്തായിരുന്നു പ്രതികളുടെ ചൂഷണം. ആവശ്യക്കാര്‍ക്ക് വേണ്ടി പെണ്‍കുട്ടികളെ പ്രതികള്‍ ഹോട്ടല്‍ മുറികളില്‍ എത്തിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ദുബായ്: പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച അഞ്ചംഗ സംഘത്തെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. 20നും 39നും ഇടയില്‍ പ്രായമുള്ള ബംഗ്ലാദേശി പൗരന്മാരാണ് എല്ലാവരും. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ പ്രായവും ദുരിത ജീവിതവും മുതലെടുത്തായിരുന്നു പ്രതികളുടെ ചൂഷണം. ആവശ്യക്കാര്‍ക്ക് വേണ്ടി പെണ്‍കുട്ടികളെ പ്രതികള്‍ ഹോട്ടല്‍ മുറികളില്‍ എത്തിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. മാര്‍ച്ച് 26ന് അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വീട്ടിലെ ദുരിതം കാരണമാണ് ജോലിക്കായി ദുബായിലേക്ക് വന്നതെന്ന് പെണ്‍കുട്ടികളിലൊരാള്‍ പ്രോസിക്യൂഷനോട് പറഞ്ഞു. തനിക്ക് 17 വയസ് മാത്രമാണ് പ്രായം. 10 പേരടങ്ങുന്ന കുടുംബത്തിന്റെ പട്ടിണി മാറ്റാനാണ് വിദേശത്ത് ജോലിക്ക് പോകാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ എത്തിയ തന്നെ മറ്റ് പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു വീട്ടിലെത്തിച്ചു. നാല് ദിവസം കഴിഞ്ഞ് ഒരു നൈറ്റ് ക്ലബില്‍ കൊണ്ടുപോവുകയും ഇവിടെയാണ് ജോലിയെന്ന് അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടികളില്‍ പലരും 18 വയസില്‍ താഴെയുള്ളവരാണ്. എല്ലാവരും സമാനമായ മൊഴിയാണ് പൊലീസിന് നല്‍കിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റിങ് ഓപേറഷനിലൂടെയാണ് പൊലീസ് ഇവരുടെ സങ്കേതം കണ്ടെത്തിയത്. പുലര്‍ച്ചെ 4.30നായിരുന്നു റെയ്ഡ്. 19 പെണ്‍കുട്ടികളെയും അഞ്ച് പുരുഷന്മാരെയും അറസ്റ്റ് ചെയ്തു. എല്ലാവരും സ്വന്തം ഇഷ്ടത്തോടെയാണ് ജോലി ചെയ്തിരുന്നതെന്ന് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളില്‍ 18 വയസ് പൂര്‍ത്തിയായവരെ നാടുകടത്തും. മറ്റുള്ളവരെ ദുബായ് വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഫൗണ്ടേഷനിലേക്ക് മാറ്റി.
പിടിയിലായ അഞ്ച് പുരുഷന്മാര്‍ക്കെതിരായ വിചാരണയാണ് തുടങ്ങിയത്. ഇവരില്‍ നിന്ന് 57,255 ദിര്‍ഹം, 105 ഡോളര്‍, 250 സൗദി റിയാല്‍ എന്നിവ പിടിച്ചെടുത്തു. കേസിലെ വിചാരണ ജൂണ്‍ 18ലേക്ക് മാറ്റിവെച്ചു.
