ഹോട്ടലില്‍ നിന്ന് ഭക്ഷണവുമായി വീട്ടിലേക്ക് വന്ന ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി.

ഷാര്‍ജ: വീട്ടില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ നടപടി തുടങ്ങി. റസ്റ്റോറന്റിലെ ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന അറബ് വംശജനെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കേസ് കഴിഞ്ഞ ദിവസം ഷാര്‍ജ കോടതിയുടെ പരിഗണനയ്‍ക്ക് വന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്‍പദമായ സംഭവം നടന്നതെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. യുവതി റസ്റ്റോറന്റില്‍ വിളിച്ച് വീട്ടിലേക്ക് ഭക്ഷണം കൊടുത്തയക്കാന്‍ ആവശ്യപ്പെട്ടു. അല്‍പനേരം കഴിഞ്ഞ് ഒരാള്‍ ഭക്ഷണവുമായി വീടിന് മുന്നിലെത്തി. അത് സ്വീകരിച്ച് പണം നല്‍കാന്‍ നേരം പണം വേണ്ടെന്നും അത് യുവതിക്ക് വേണ്ടി താന്‍ നല്‍കിയതായി കണക്കാക്കണമെന്നുമായി ജീവനക്കാരന്റെ ആവശ്യം.

സംസാരിക്കുന്നതിനിടെ ഇയാള്‍ യുവതിയുടെ കൈയില്‍ പിടിക്കുകയും ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്‍തെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നു. ഭക്ഷണം പണം വേണ്ടെന്ന് ഇയാള്‍ പല തവണ ആവര്‍ത്തിക്കുകയും 'അത് തനിക്ക് വിട്ടേക്കൂ' എന്ന് ആവശ്യപ്പെടുകയും ചെയ്‍തെന്ന് യുവതി മൊഴി നല്‍കി. ഇതോടെ രോഷാകുലയായ പരാതിക്കാരി അയാളോട് ഉടനെ സ്ഥലംവിടാനാവശ്യപ്പെടുകയും പരാതി നല്‍കുകയുമായിരുന്നു.

കേസില്‍ ഷാര്‍ജ കോടതിയില്‍ ഹാജരായ പ്രതിയാവട്ടെ, താന്‍ യുവതിയെ ശല്യം ചെയ്‍തില്ലെന്ന് വാദിച്ചു. യുവതിയുടെ ഭക്ഷണത്തിന്റെ പണം താന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്‍ത കാര്യം ഇയാള്‍ സമ്മതിച്ചു. അത് അറബ് പൗരനെന്ന നിലയില് തന്റെ വിശാല മനസ്‍കതയുടെ തെളിവായി കണക്കാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. 

യുവാവിന്റെ പെരുമാറ്റവും നോട്ടവുമെല്ലാം തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഏറെനേരം തന്നെ നോക്കി നില്‍ക്കുകയും ബോധപൂര്‍വം കൈയില്‍ പിടിക്കുകയും ചെയ്‍തു. ഇതോടെ താന്‍ അയാളെ തള്ളി മാറ്റിയ ശേഷം കുടുംബാംഗങ്ങളെ വിളിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്ക് പ്രതി അവിടെനിന്ന് തിടുക്കത്തില്‍ രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറഞ്ഞു.