റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വന്‍തുക വിദേശത്തേക്ക് അയച്ച കേസില്‍ ഒരു സ്വദേശിയടക്കം മൂന്നുപേര്‍ക്ക് 26 വര്‍ഷം തടവ് ശിക്ഷയും 60 ലക്ഷം റിയാല്‍ പിഴയും വിധിച്ചു. സ്വദേശി പൗരന്റെ പേരില്‍ മൂന്ന് വിദേശികള്‍ ബിനാമി ബിസിനസ് നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. അഞ്ച് ബില്യന്‍ റിയാലാണ് ഇവര്‍ സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ചത്. 

ശിക്ഷാ കാലവധി പൂര്‍ത്തിയായാല്‍ വിദേശികളെ നാടുകടത്തും. സ്വദേശിക്ക് ജയില്‍ ശിക്ഷയ്ക്ക് തുല്യമായ കാലായളവില്‍ വിദേശയാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിനാമി ബിസിനസ് നടത്തിയ കേസില്‍ പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ അധികൃതര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ ബിസിനസ് നടത്തിയ സ്ഥാപനം അടച്ചുപൂട്ടുകയും സ്ഥാപനത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 20 ലക്ഷം റിയാല്‍ കണ്ടുകെട്ടുകയും ചെയ്തു. സ്ഥാപനത്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്റ്റംസ് വഴി കൊണ്ടുവരാത്ത സാധനങ്ങള്‍ക്കായി അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്‍ഫര്‍ ചെയ്തതായും പരിശോധനയില്‍ കണ്ടെത്തി. നിയമവിരുദ്ധമായ ഇടപാടുകള്‍ മറുവെയ്ക്കാന്‍ വ്യാജരേഖകളും നിര്‍മിച്ചു. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.