Asianet News MalayalamAsianet News Malayalam

വാഹനങ്ങളുടെ എക്സ്സോസ്റ്റ് ഫില്‍റ്റര്‍ മോഷണം; നാല് പ്രവാസികള്‍ക്ക് ശിക്ഷ, തട്ടിയെടുത്തത് ഏഴ് കോടിയിലധികം

2020 ഒക്ടോബറിലാണ് കേസിന് ആസ്‍പ‍ദമായ സംഭവം. പ്രതികളിലൊരാള്‍ കാര്‍ റെന്റല്‍ കമ്പനിയില്‍ നിന്ന് നിരവധി കാറുകള്‍ വാടകയ്‍ക്ക് എടുത്തിരുന്നു. 

Gang jailed for stealing exhaust filters worth  7 crores from 431 cars in UAE
Author
Dubai - United Arab Emirates, First Published Oct 3, 2021, 10:27 AM IST

ദുബൈ: വാഹനങ്ങള്‍ വാടകയ്‍ക്ക് എടുത്ത ശേഷം അവയുടെ എക്സ്സോസ്റ്റ് ഫില്‍റ്റല്‍ മോഷ്‍ടിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ക്ക് ശിക്ഷ. ഏഷ്യക്കാരായ നാല് പ്രവാസികള്‍ക്ക് നാല് വര്‍ഷം വീതം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ദുബൈ ക്രിമിനല്‍ കോടതി വിധിച്ചത്. 431 കാറുകളില്‍ നിന്ന് 36.4 ലക്ഷം ദിര്‍ഹം വില വരുന്ന (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഫില്‍റ്ററുകളാണ് സംഘം മോഷ്‍ടിച്ചെടുത്തത്.

2020 ഒക്ടോബറിലാണ് കേസിന് ആസ്‍പ‍ദമായ സംഭവം. പ്രതികളിലൊരാള്‍ കാര്‍ റെന്റല്‍ കമ്പനിയില്‍ നിന്ന് നിരവധി കാറുകള്‍ വാടകയ്‍ക്ക് എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ തിരിച്ചേല്‍പ്പിക്കുന്ന കാറുകള്‍ക്ക് ശബ്‍ദം കൂടുതലാണെന്ന് മനസിലാക്കിയ കമ്പനി അധികൃതര്‍ ഇവ, പരിശോധനയ്‍ക്കായി വര്‍ക്ക്ഷോപ്പിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങളുടെ പുക മലിനീകരണം കുറയ്‍ക്കുന്നതിനായി അതില്‍ ഘടിപ്പിച്ചിട്ടുള്ള എക്സ്സോസ്റ്റ് ഫില്‍ട്ടറുകള്‍ മോഷ്‍ടിക്കപ്പെട്ടതായി മനസിലായത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍, കാര്‍ വാടകയ്‍ക്ക് എടുത്തയാള്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്നും ഇയാള്‍ക്ക് മൂന്ന് പേരുടെ സഹായം ലഭിച്ചുവെന്നും കണ്ടെത്തി. പലപ്പോഴായി വാടകയ്‍ക്ക് എടുത്ത 431 കാറുകളും പ്രതികള്‍ തങ്ങളുടെ സ്വന്തം വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് എക്സ്സോസ്റ്റ് സംവിധാനം മുറിച്ച് അതിനുള്ളിലെ ഫില്‍ട്ടര്‍ ഊരിയെടുക്കുകയായിരുന്നു. ശേഷം എക്സ്സോസ്റ്റ് തിരികെ വെല്‍ഡ് ചെയ്‍തുവെച്ച് കാറുകള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്‍തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. 

Follow Us:
Download App:
  • android
  • ios