റിയാദ്​: ഏതാനും ദിവസത്തിനകം സൗദി അറേബ്യയിൽ ടാക്​സികൾ പച്ച നിറമണിയും. ഗ്രീൻ ടാക്​സി സർവീസ്​ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെയും പൊതുഗതാഗത അതോറിറ്റിയുടെയും സംയുക്ത​ നേതൃത്വത്തിൽ നിരത്തുകളിലെത്തും. പരീക്ഷണ അടിസ്ഥാനത്തിൽ ജിദ്ദ കിംഗ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പച്ച ടാക്സികൾ സർവീസ്​ നടത്തുകയാണ്​.

രാജ്യത്തെ വിമാനത്താവളങ്ങളിലാണ് പച്ച ടാക്സികൾ ആദ്യമെത്തുക. ഘട്ടംഘട്ടമായി രാജ്യത്തെങ്ങും പച്ച ടാക്സി സർവീസുകൾ നിലവിൽ വരും. വെള്ള നിറത്തിലെ നിലവിലെ ടാക്സികൾ അപ്രത്യക്ഷമാകും. ഇതിനായി എല്ലാ പ്രവിശ്യകളിലും ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് പൊതുഗതാഗത അതോറിറ്റി പരിശീലന പ്രോഗ്രാമും നടപ്പാക്കും. ഇതോടൊപ്പം എയർപോർട്ടുകളിൽ സേവന നിലവാരം ഉയർത്തുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നടപടികൾ സ്വീകരിച്ചു. ഈ ലക്ഷ്യത്തോടെ ഏതാനും പദ്ധതികൾ നടപ്പാക്കുകയും ധാരണാപത്രങ്ങൾ ഒപ്പുവെക്കുകയും ചെയ്തു.

ഏറ്റവുമൊടുവിൽ ജിദ്ദ വിമാനത്താവളത്തിൽ ആഗമന, നിർഗമന ഏരിയകൾക്കു സമീപം ബസുകൾക്ക് പ്രത്യേക പാർക്കിംഗ് നീക്കിവെക്കാനും ബസ് പാർക്കിംഗിൽ ബസ് വെയ്റ്റിംഗ് സ്റ്റേഷൻ നിർമിക്കാനും ജിദ്ദ മെട്രോയുമായും സാപ്റ്റ്കോയുമായും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ടാക്സി മേഖല നവീകരിക്കുന്നതിന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി ശ്രമം തുടങ്ങി. ടാക്സികളുടെ നിറം പച്ചയായി ഏകീകരിക്കുന്നതോടൊപ്പം ഓൺലൈൻ പെയ്മെന്റ്, ട്രാക്കിംഗ് സംവിധാനം അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയാണ് ടാക്സികൾ നവീകരിക്കുന്നത്.