കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടും വരുമാനമില്ലാതെയും ആശങ്കയിലായ പ്രവാസികള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണ നടപടികള്‍. കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍  പ്രവാസികളുടെ എണ്ണം പരിമിതപ്പെടുത്താനും പല മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുമുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്. കൊവിഡില്‍ ജീവിതം വഴിമുട്ടിയ പ്രവാസികള്‍ക്ക് കനത്ത പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.

വിദേശികളുടെ ജനസംഖ്യ സ്വദേശി ജനസംഖ്യയ്ക്ക് ആനുപാതികമായി പരിമിതപ്പെടുത്തുന്നതിനുള്ള പ്രവാസി ക്വാട്ട ബില്‍ നടപ്പിലാക്കാനുള്ള നടപടികളുമായി മുമ്പോട്ട് പോകുകയാണ് കുവൈത്ത്. ഇതിന്റെ ആദ്യ ഘട്ടമായി കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് പാര്‍ലമെന്റ് സമിതി അംഗീകാരം നല്‍കി കഴിഞ്ഞു. 

ഏകദേശം 43 ലക്ഷം( 4,270,571) ആണ് കുവൈത്തിലെ ആകെ ജനസംഖ്യ. ഇതില്‍ 30 ലക്ഷത്തോളം വിദേശികളാണ്. സ്വദേശികള്‍ 13 ലക്ഷവും.  യുഎന്നിന്‍റെ ഡാറ്റ പ്രകാരം കുവൈത്തിലെ സ്വദേശികളുടെ എണ്ണം 30 ശതമാനമായി ചുരുങ്ങി. അതായത് രാജ്യത്തെ 70 ശതമാനത്തോളം ആളുകള്‍ വിദേശികളാണ്. ഇതില്‍ തന്നെ 11 ലക്ഷം പേര്‍ അറബ് വംശജരും 14 ലക്ഷം ആളുകള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഏകദേശം 8,25,000 ഇന്ത്യക്കാര്‍ കുവൈത്തിലുള്ളതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ ബിസിനസ് വെബ്സൈറ്റായ 'മണി കണ്‍ട്രോള്‍' റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 19 ശതമാനമാണിത്. 

കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നത് നിരവധി കോണുകളില്‍ നിന്നു ഉയരുന്ന ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഈ ആവശ്യത്തെ കൂടുതല്‍ ബലപ്പെടുത്തി. പ്രവാസി ക്വാട്ട ബില്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഏകദേശം 8 ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരിക. ഇതില്‍ നാലു ലക്ഷത്തോളം ആളുകള്‍ മലയാളികളാണ്. നാട്ടിലേക്ക് മടങ്ങാനായി കുവൈത്തില്‍ നിന്ന് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തത 33,914 മലയാളികളാണ്. കുവൈത്തിലെ പ്രവാസി ക്വാട്ട ബില്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ 350,000 പ്രവാസികള്‍ കൂടി കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

പാര്‍ലമെന്റ് സമിതി അംഗീകരിച്ച ബില്‍ ഇനി പാര്‍ലമെന്റും, മന്ത്രിസഭയും അംഗീകരിക്കണം. എങ്കില്‍ മാത്രമെ പ്രാബല്യത്തില്‍ വരികയുള്ളൂ. കൊവിഡ് പടര്‍ന്നു പിടിച്ചതോടെ കുവൈത്തിലെ നിയമവിദഗ്ദ്ധരും, ഉന്നത ഉദ്യോഗസ്ഥരും കുവൈത്തിലെ വര്‍ദ്ധിച്ച് വരുന്ന വിദേശി സമൂഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രവാസി ക്വാട്ട ബില്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.

ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണ നടപടികളുമായി മുമ്പോട്ട് പോകുന്ന മറ്റൊരു ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ഓണ്‍ലൈന്‍ ഡെലിവറി രംഗത്തിന് പുറമെ ഹോസ്റ്റൽ സൂപ്പർവൈസർ, സൈക്കോളജിസ്റ്റ്‌, സാമൂഹ്യശാസ്ത്ര വിദഗ്ദ്ധൻ തുടങ്ങി 11 തസ്തികള്‍ സ്വദേശിവൽക്കരിച്ച് കൊണ്ട് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു. സ്വദേശികൾക്ക് രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഈ തസ്തികയിൽ തൊഴിൽ ചെയ്തുവരുന്ന വിദേശികൾ വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കർശന നിര്‍ദേശം.

അതേസമയം സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പാക്കാന്‍ വിദേശികളുടെ പരമാവധി താമസകാലം രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയാക്കി പരിമിതപ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ ഫഹദ് ബിന്‍ ജൂംഅ നിര്‍ദ്ദേശിച്ചതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം സ്‌പോണസര്‍ഷിപ്പ് സമ്പദ്രായം അവസാനിപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരത്തില്‍ സ്വദേശിവല്‍ക്കരണത്തിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നത് ഇന്ത്യക്കാരാണ്. അതില്‍ തന്നെ ഏറിയ പങ്കും മലയാളികളും. കൊവിഡ് കനത്ത തിരിച്ചടിയുണ്ടാക്കിയ കേരളത്തിലെ സാമ്പത്തിക മേഖലയ്ക്ക് വരാനിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകളാണെന്ന സൂചനയാണ് പ്രവാസ ലോകത്ത് നിന്ന് ലഭിക്കുന്നത്.