അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇപ്പോള്‍ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് അബുദാബി വിമാനത്താവളം വഴി യുഎഇയിലേക്ക് മടങ്ങിവരാന്‍ ഇനി ഐ.സി.എ അനുമതി ആവശ്യമില്ല. ഇക്കാര്യം അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വിവിധ വിമാനക്കമ്പനികളെ അറിയിച്ചു.

പ്രവാസികള്‍ക്കുള്ള ഈ ഇളവ് ഓഗസ്റ്റ് 11 മുതല്‍ പ്രാബല്യത്തില്‍ വരും. സാധുതയുള്ള താമസ വിസയുള്ള പ്രവാസികള്‍ക്ക് അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങിയെത്താന്‍ ഇനി മുതല്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് തിങ്കളാഴ്ച വിമാനക്കമ്പനികള്‍ക്ക് അയച്ച സന്ദേശത്തിലുള്ളതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതായി വിവിധ വിമാനക്കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. നേരത്തെ കൊവിഡ് യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധയുണ്ടായത്. ദുബായിലേക്ക് മടങ്ങേണ്ടവര്‍ ദുബായ് താമസകാര്യ വകുപ്പില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മടങ്ങേണ്ടവര്‍ ഐ.സി.എയില്‍ നിന്നുമായിരുന്നു അനുമതി വാങ്ങേണ്ടിയിരുന്നത്. ഇതില്‍ അബുദാബി വിമാനത്താവളം വഴി മടങ്ങുന്നവര്‍ക്കാണ് ഇപ്പോള്‍ ഈ മുന്‍കൂര്‍ അനുമതിയിലെ ഇളവ് ലഭ്യമാവുക. എന്നാല്‍ യുഎഇയിലെ ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാന്‍, യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവായ റിസള്‍ട്ട് ആവശ്യമാണ്.